Thursday, January 20, 2011

പാഠപുസ്തകങ്ങള്‍ ചര്‍ച്ചാവിഷയമായാല്‍ മാത്രം മതിയോ?

പാഠപുസ്തകത്തെക്കുറിച്ച്‌ ചര്‍ച്ചയാകാമെന്ന്‌ ഇപ്പോള്‍ ഭരണാധികാരികള്‍ പറയുന്നു. പുസ്തകം രൂപപ്പെടുത്തുന്ന അവസരത്തില്‍ ഈ ചര്‍ച്ച പാര്‍ശ്വവര്‍ത്തികളോടല്ലാതെ മറ്റുള്ളവരോടുമാകാമായിരുന്നു. വാസ്തവത്തില്‍ പുസ്തകമെഴുതുന്നതിനു സ്വീകരിക്കുന്ന സാധാരണക്രമം പോലും ഇവിടെ പാലിച്ചി ട്ടില്ലെന്നാണ്‌ കേള്‍വി. പ്രത്യേകിച്ചും പുതിയ ഒരു സമ്പ്രദായം സ്വീകരിക്കുന്ന വേളയില്‍ വേണ്ടത്ര ചര്‍ച്ച നടത്തേണ്ടതായിരുന്നു. ഇപ്പോള്‍ ചര്‍ച്ച നടത്താമെന്ന്‌ പറയുന്നുവെങ്കിലും അതിനുള്ള തുറവുണ്ടോയെന്ന്‌ ബലമായ സംശയമുണ്ട്‌. കാരണം പാഠപുസ്തകത്തെ എതിര്‍ക്കുന്ന മതാദ്ധ്യക്ഷന്‍മാര്‍ യു.ഡി.എഫിണ്റ്റെ വക്താക്കളാണ്‌, അവര്‍ പുസ്തകം വായിച്ചിട്ടില്ല, ഈ തര്‍ക്കമെല്ലാം ദുരുപരിഷ്ടമാണ്‌ എന്നെല്ലാം പറയുന്നവര്‍ക്ക്‌ ഒരു തുറന്ന ചര്‍ച്ചയ്ക്കുള്ള മനോഭാവം ഉണ്ടാകുമോ? ഇങ്ങനെയുള്ള കാര്യങ്ങളില്‍ തങ്ങളില്‍ നിന്നു ഭിന്നമായി ചിന്തിക്കുന്നവരെല്ലാം പ്രതിലോമകാരികളെന്നോ, ഇല്ലായ്മ ചെയ്യപ്പെടേണ്ടവരെന്നോ കരുതുന്ന ഒരു സിദ്ധാന്തത്തിണ്റ്റെ വക്താക്കള്‍ക്ക്‌ ഫലപ്രദമായ സംവാദം സാദ്ധ്യമാണോ എന്നുപോലും മിക്കവര്‍ക്കും സംശയമുണ്ട്‌. പ്രതിപക്ഷബഹുമാനമെന്ന പ്രാഥമിക ജനാധിപത്യവ്യവസ്ഥ അറിയില്ലെങ്കില്‍ ചര്‍ച്ചകൊണ്ട്‌ എന്തുഫലം എന്നതു ന്യായമായ ചോദ്യമാണ്‌. മറ്റു രാഷ്ട്രീയകക്ഷികള്‍ മതവിശ്വാസത്തിണ്റ്റെ കാര്യവും പറയുന്നുണ്ടെങ്കില്‍ അത്‌ അവരുടെ പാര്‍ട്ടികളില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികളാണെന്ന്‌ അറിയാവുന്നതുകൊണ്ടായിരിക്കണം. അല്ലാതെ ഈ എതിര്‍പ്പ്‌ ഗൂഢാലോചനയുടെ ഫലമാണെന്ന്‌ പ്രഖ്യാപിക്കുന്നത്‌ സാമാന്യമര്യാദ പോലുമല്ല.





വൈരുദ്ധ്യാത്മകഭൌതികവാദികള്‍ക്ക്‌ മതവിശ്വാസികളുടെ താല്‍പര്യങ്ങളും വികാരങ്ങളും മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരിക്കും. എങ്കിലും ഇവിടത്തെ ജനതയില്‍ ബഹുഭൂരിപക്ഷമുള്ള മതവിശ്വാസികള്‍ ഈ പാഠപുസ്തകത്തില്‍ അപകടമുണ്ടെന്നു മനസിലാക്കുമെന്നതുകൊണ്ടാണ്‌ മതാദ്ധ്യക്ഷന്‍മാര്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുള്ളത്‌. പാര്‍ട്ടിക്കു സ്വാധീനമുള്ള പത്രങ്ങള്‍ വ്യത്യസ്തമായി എഴുതിയെന്നിരിക്കാം. ചാനലുകളില്‍ വോട്ടുചെയ്തുകാട്ടുന്ന അഭിപ്രായം ചില സമ്മര്‍ദ്ദഗ്രൂപ്പുകളുടെ തന്ത്രത്തിലൂടെ രൂപപ്പെടുന്നതാണെന്ന്‌ ആര്‍ക്കാണ്‌ അറിയാന്‍ പാടില്ലാത്തത്‌? അതൊന്നുമല്ല തീരുമാനമെടുക്കാന്‍ നിമിത്തമാകേണ്ടത്‌. സമീപനരീതിതന്നെ തെറ്റ്‌പാഠപുസ്തകത്തിലെ മൌലികമായ അപാകത, അത്‌ നിഷേധാത്മക മനോഭാവം വളര്‍ത്തിയെടുക്കുന്നതിനാണ്‌ ഉപകരിക്കുന്നത്‌ എന്നുള്ളതാണ്‌. അതുകൊണ്ടാണ്‌ പലരും പുസ്തകം പിന്‍വലിച്ചു തിരുത്തിയെഴുതണമെന്നു പറയുന്നത്‌. NCERT യുടെ പുസ്തകം ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ നമ്മുടെ മുമ്പിലുള്ള പുസ്തകത്തിലെ പല ഉദാഹരണങ്ങളും സംഭവങ്ങളും കേരളത്തില്‍ നിന്നുള്ളതാണെന്നതില്‍ സംശയമില്ല. ഏതായാലും കേന്ദ്രത്തില്‍ പ്രസിദ്ധീകരിച്ചതിണ്റ്റെ തനിപ്പകര്‍പ്പല്ല, ഈ സംസ്ഥാനത്തെ സാഹചര്യമനുസരിച്ചുള്ള അനുരൂപണമാണ്‌ ഇവിടുത്തെ പുസ്തകം എന്ന്‌ മന്ത്രിതന്നെ പറഞ്ഞുകഴിഞ്ഞല്ലോ. NCERT അല്ലല്ലോ ഇവിടത്തെ പരീക്ഷ നടത്തുന്നത്‌.


പൌളോ ഫ്രയറും മറ്റും പാശ്ചാത്യനാടുകളില്‍ നിലവിലിരുന്ന സമ്പ്രദായത്തെ എതിര്‍ക്കാന്‍ പഠിപ്പിക്കണമെന്നുദ്ദേശിച്ച്‌ പ്രചരിപ്പിച്ച സമ്പ്രദായം പുതിയ തലമുറയ്ക്ക്‌ ഒരു സമഗ്രമായ സാമൂഹികദര്‍ശനം നല്‍കാന്‍ സഹായകമാകില്ല. സാമൂഹികകാര്യങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ തുടങ്ങുന്ന കൊച്ചുകുട്ടികള്‍ നിഷേധാത്മകമായ വിമര്‍ശനത്തിനു മാത്രമല്ല തയ്യാറാകേണ്ടത്‌. അവര്‍ സമൂഹത്തിണ്റ്റെ ഘടന, സ്വഭാവം, വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം, വ്യക്തികളുടെ അവകാശങ്ങളും കടമകളും, പൊതുനന്‍മ, സാമൂഹികവികസനത്തിണ്റ്റെ ചരിത്രം തുടങ്ങിയ പ്രാഥമിക കാര്യങ്ങളാണ്‌ ആദ്യമേതന്നെ അറിയേണ്ടത്‌. ലോകത്തില്‍ ഒന്നും കറുപ്പോ വെളുപ്പോ മാത്രമാകുന്നില്ലല്ലോ. അതിനാല്‍ എല്ലാറ്റിണ്റ്റെയും നന്‍മയും തിന്‍മയും മനസ്സിലാക്കണം. എങ്കിലേ ഒരു യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായി അറിയാന്‍ കഴിയൂ. അല്ലെങ്കില്‍ കുട്ടികളുടെ മനസ്സില്‍ വിദ്വേഷം മാത്രമേ വളരുകയുള്ളു. സമൂഹത്തില്‍ ഹിറ്റ്ലറും സ്റ്റാലിനും ബിന്‍ലാദനും മാത്രമല്ലല്ലോ ഉള്ളത്‌. ശ്രീബുദ്ധനും ഗാന്ധിജിയും മദര്‍ തെരേസയും ഫ്രാന്‍സിസ്‌ അസ്സീസ്സിയും ഫാദര്‍ ഡാമിയനുമെല്ലാം ഉണ്ടല്ലോ.

No comments:

Post a Comment