ഈശോമിശിഹായില്‍ വന്ദ്യവൈദികരേ, സന്ന്യസ്തരേ, പ്രിയ സഹോദരീസഹോദരന്‍മാരേ,
പുതിയൊരു ആരാധനാവത്സരത്തിലേക്ക് നാം പ്രവേശിക്കുകയാണല്ലോ. വിശ്വാസികളും സഭാമക്കളും എന്ന നിലയില്‍ നമ്മുടെ ജീവിതത്തില്‍ ആരാധനാവത്സരത്തിണ്റ്റെ പ്രാധാന്യവും പ്രസക്തിയും എന്തെന്ന് നാം അറിയണം. നമ്മുടെ ജീവിതം ആരാധനാവത്സരത്തിനനുസൃതമാകണമെന്നാണ് സഭ പഠിപ്പിക്കുന്നത്. അതിനാല്‍ ആരാധനാവത്സരത്തെക്കുറിച്ചും അതിനനുസൃതമായ ജീവിതത്തെക്കുറിച്ചും ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.
സമയം ദൈവത്തിണ്റ്റെ ദാനമാണ്; വിലമതിക്കാനാവാത്ത ദാനം. ഈ ദാനം നമ്മള്‍ എങ്ങനെ, എന്തിന് വിനിയോഗിക്കുന്നു എന്നതനുസരിച്ചാണ് ജീവിതാന്ത്യത്തില്‍ ദൈവം നമുക്ക് പ്രതിഫലം നല്‍കുന്നത്. നിത്യജീവന്‍ പ്രാപിക്കുക എന്നതാണല്ലോ മനുഷ്യജീവിതത്തിണ്റ്റെ പരമലക്ഷ്യം. ദൈവത്തോടൊപ്പമുള്ള സ്വര്‍ഗ്ഗീയജീവിതമാണത്. ഈ ലോകജീവിതത്തിന് ദൈവം നമുക്കു നല്‍കിയിരിക്കുന്ന സമയം നന്നായി വിനിയോഗിക്കുന്നെങ്കില്‍ നിത്യജീവന്‍ ലഭിക്കും. അതിനാണല്ലോ നാം നിത്യരക്ഷ അഥവാ മനുഷ്യരക്ഷ എന്നു പറയുന്നത്. സമയം ഏറ്റവും നന്നായി ചെലവഴിച്ച് നാം രക്ഷ നേടുന്നതിന് ദൈവംതന്നെ നമുക്കായി തെളിച്ചിരിക്കുന്ന വഴിയാണ് ആരാധനാവത്സരം. അതിനാല്‍ ആരാധനാവത്സരത്തിണ്റ്റെ ക്രമീകരണം ശരിയായി മനസ്സിലാക്കി അതനുസരിച്ച് വിശ്വാസജീവിതം നയിച്ചാല്‍ നാം ദൈവത്തിണ്റ്റെ വഴിയിലാണ്, രക്ഷയുടെ പാതയിലാണ്.
ആരാധനാവത്സരം സ്വര്‍ഗ്ഗീയ പാതയാണ്. അതു നമ്മെ നിത്യതയിലേക്കു നയിക്കുന്നു; സ്വര്‍ഗ്ഗവുമായി ബന്ധപ്പെടുത്തുന്നു. മനുഷ്യവംശത്തിണ്റ്റെ രക്ഷയ്ക്കുവേണ്ടി പിതാവായ ദൈവം തണ്റ്റെ പുത്രനായ മിശിഹായിലൂടെ പൂര്‍ത്തിയാക്കിയ രക്ഷാപദ്ധതിയില്‍ നമ്മെ പങ്കാളികളാക്കി രക്ഷിക്കുന്ന ദൈവപരിപാലന ഇന്നും ലോകാവസാനംവരെയും തുടര്‍ന്നുകൊണ്ടിരിക്കുന്നത് ആരാധനാവത്സരത്തിലൂടെയാണ്. രക്ഷകനായ മിശിഹാ തണ്റ്റെ ജീവിതബലിയിലൂടെയും ഉയിര്‍പ്പിലൂടെയും നിത്യമഹത്വം പ്രാപിച്ച അതേപാതയില്‍ നാമും സഞ്ചരിച്ച് സ്വര്‍ഗ്ഗീയ മഹത്ത്വത്തില്‍ പങ്കാളികളാകുന്നതിനുള്ള ഉപാധിയാണ് ആരാധനാവത്സരം.
വിശുദ്ധ കുര്‍ബാനയും കൂദാശകളും കൂദാശാനുകരണങ്ങളും യാമപ്രാര്‍ത്ഥനകളും ഇവയോടു ബന്ധപ്പെട്ട് സഭ അംഗീകരിച്ചിരിക്കുന്ന തിരുനാളാഘോഷങ്ങളുമാണ് സഭയുടെ ആരാധനാജീവിതത്തിണ്റ്റെ കാതല്‍. മനുഷ്യവംശത്തിണ്റ്റെ രക്ഷയ്ക്കുവേണ്ടി ആദിയില്‍ ദൈവം ഒരു രക്ഷകനെ വാഗ്ദാനം ചെയ്തതു മുതല്‍, രക്ഷകനും ദൈവപുത്രനുമായ മിശിഹായുടെ മനുഷ്യാവതാരം, ജീവിതം, പീഡാസഹനം, മരണം, സംസ്കാരം, ഉയിര്‍പ്പ്, സ്വര്‍ഗ്ഗാരോഹണം, റൂഹാദ്ക്കുദ്ശായുടെ ആഗമനം, മിശിഹായുടെ രണ്ടാമാഗമനം എന്നീ രക്ഷാകര സംഭവങ്ങളെല്ലാം ദൈവസന്നിധിയില്‍ സജീവമാക്കുന്ന സഭയുടെ ഏറ്റവും ശ്രേഷ്ഠമായ പ്രവൃത്തിയാണ് ആരാധനാവത്സരാചരണം. സഭ അനുസ്യൂതം നടത്തുന്ന ഈ ആചരണം അവളുടെ വിശ്വാസത്തിണ്റ്റെതന്നെ ആഘോഷവും പ്രഘോഷവുമാണ്. കാരണം, സഭയുടെ വിശ്വാസത്തിണ്റ്റെ ഉള്ളടക്കം ഈ രക്ഷാകരസംഭവങ്ങള്‍ തന്നെയാണല്ലോ. സഭയുടെ ഈ ആചരണത്തില്‍ യോഗ്യതയോടെയും സജീവമായും പങ്കുചേരുന്നവര്‍ക്ക് മിശിഹായുടെ രക്ഷാകരകര്‍മ്മത്തിണ്റ്റെ ഫലം ലഭിക്കുന്നു. അങ്ങനെ ശരിയായ ആരാധനാവത്സരാചരണത്തിലൂടെ മനുഷ്യനു രക്ഷ കൈവരികയാണ്.
ദൈവത്തെ സന്നിഹിതനാക്കുകയും അവിടുത്തെ രക്ഷാകരകര്‍മ്മം തുടരുകയും ചെയ്യുന്ന ആരാധനാവത്സരാചരണത്തിലൂടെ ഭൌതികതലത്തില്‍നിന്ന് ദൈവികമായ ഒരു മേഖലയിലേക്ക് നാം ഉയര്‍ത്തപ്പെടുന്നു; കാലത്തിണ്റ്റെയും സമയത്തിണ്റ്റെയും പരിധിക്കപ്പുറത്ത് നിത്യതയിലേക്ക് നാം ആനയിക്കപ്പെടുന്നു. ദൈവസ്നേഹത്താല്‍ നിറഞ്ഞ്, വിശുദ്ധീകരിക്കപ്പെട്ട് ആന്തരികമായ രൂപാന്തരീകരണത്തിന് നാം വിധേയരാകുന്നു. സത്യത്തിലും ആത്മാവിലുള്ള ആരാധനാനുഭവമാണിത്. അതായത്, റൂഹാദ്ക്കുദ്ശായുടെ സഹായത്തില്‍ പുത്രനായ മിശിഹായിലൂടെ നിര്‍വ്വഹിക്കപ്പെടുന്ന ദൈവാരാധന. തണ്റ്റെ ആത്മബലിയിലൂടെ പിതാവിണ്റ്റെ ഹിതം നിറവേറ്റിക്കൊണ്ട് പുത്രന്‍ പിതാവിനര്‍പ്പിച്ച പരമമായ ആരാധന ആരാധനാവത്സരത്തിലൂടെ തുടരുകയാണ്. പിതാവിന് ഏറ്റവും പ്രീതികരമായ തണ്റ്റെ പുത്രണ്റ്റെ ആരാധനയില്‍ നമ്മെയും പങ്കാളികളാക്കി രക്ഷിക്കുന്നതിനാണിത്. ദൈവത്തിന് മനുഷ്യമക്കളോടുള്ള അനന്തമായ സ്നേഹവും അവിടുത്തെ പരിപാലനവുമാണ് ഇത് വ്യക്തമാക്കുന്നത്.
തിരുസ്സഭയില്‍ നിരന്തരം നടക്കുന്ന ആരാധനയെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ ഇപ്രകാരം പഠിപ്പിക്കുന്നു: "പുതിയ നിയമത്തിലെ പുരോഹിതശ്രേഷ്ഠനായ ഈശോമിശിഹാ മനുഷ്യനായിത്തീര്‍ന്നുകൊണ്ട്, സ്വര്‍ഗ്ഗത്തില്‍ നിത്യകാലത്തോളം ആലപിക്കുന്ന സ്തോത്രഗീതം ഭൂമിയിലും ആരംഭിച്ചു. മനുഷ്യവര്‍ഗ്ഗം മുഴുവനെയും തന്നോടു യോജിപ്പിച്ചുകൊണ്ട്, തണ്റ്റെ ദിവ്യഗാനാലാപനത്തില്‍ അവിടുന്ന് അവരെയും പങ്കുകാരാക്കി. മിശിഹാ തണ്റ്റെ പുരോഹിതധര്‍മ്മം തിരുസ്സഭവഴി ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. സഭ വിശുദ്ധ കുര്‍ബ്ബാന പരികര്‍മ്മം ചെയ്തുകൊണ്ടു മാത്രമല്ല, പ്രത്യുത നിരവധി മാര്‍ഗ്ഗങ്ങളിലൂടെ, സര്‍വ്വോപരി യാമപ്രാര്‍ത്ഥനകള്‍ നടത്തിക്കൊണ്ട് കര്‍ത്താവിനെ ഇടവിടാതെ സ്തുതിക്കുകയും സര്‍വ്വലോകത്തിണ്റ്റെയും രക്ഷയ്ക്കായി മാദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്നു" (ലിറ്റര്‍ജി, 83).
ഭൂമിയിലെ ആരാധന സ്വര്‍ഗ്ഗീയാരാധനയുടെ തുടര്‍ച്ചയാണെന്നും, ഈശോമിശിഹായിലൂടെയാണ് അത് സാദ്ധ്യമായതെന്നും, ആരാധനക്രമംവഴി തിരുസ്സഭയില്‍ അത് തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നുമാണ് സഭാപിതാക്കന്‍മാര്‍ നമ്മെ പഠിപ്പിക്കുന്നത്. സഭയോടൊത്ത് ജീവിക്കുന്നവര്‍ ഈ ആരാധനയില്‍ പങ്കാളികളായി രക്ഷ കൈവരിക്കുന്നു.
ആരാധനാവത്സരത്തെക്കുറിച്ച് വത്തിക്കാന്‍ കൌണ്‍സില്‍ വീണ്ടും പഠിപ്പിക്കുന്നു:
"മിശിഹായുടെ മനുഷ്യാവതാരവും ജനനവും തുടങ്ങി സ്വര്‍ഗ്ഗാരോഹണം, പെന്തക്കൊസ്താ, കര്‍ത്താവിണ്റ്റെ പ്രത്യാഗമനത്തെക്കുറിച്ചുള്ള പ്രത്യാശാപൂരിതമായ പ്രതീക്ഷ മുതലായവ അടങ്ങുന്ന മിശിഹാരഹസ്യം മുഴുവന്‍ ആരാധനാവത്സരത്തിലൂടെ സഭ അനാവരണം ചെയ്ത് പുനര്‍ജ്ജീവിക്കുന്നു:
'ഇപ്രകാരം രക്ഷാരഹസ്യങ്ങള്‍ അനുസ്മരിച്ചുകൊണ്ട് തിരുസ്സഭ തണ്റ്റെ നാഥണ്റ്റെ ശക്തിയുടെയും യോഗ്യതകളുടെയും അനര്‍ഘനിക്ഷേപങ്ങള്‍ വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കുന്നു. അങ്ങനെ ഒരര്‍ത്ഥത്തില്‍ ഈ രഹസ്യങ്ങള്‍ എല്ലാക്കാലങ്ങളിലും സന്നിഹിതമാക്കപ്പെടുകയും, വിശ്വാസികള്‍ അവ സ്വന്തമാക്കി രക്ഷാകര കൃപയാല്‍ പൂരിതരാവുകയും ചെയ്യുന്നു' (ലിറ്റര്‍ജി, 102).
ചുരുക്കത്തില്‍, സഭയുടെ സ്വര്‍ഗ്ഗോന്‍മുഖമായ യാത്രയ്ക്ക് ദൈവംതന്നെ വെട്ടിത്തെളിച്ച വഴിത്താരയാണ് ആരാധനാവത്സരം. ലക്ഷ്യത്തിലെത്തിച്ചേരുന്നതിന് വിശ്വാസികള്‍ ഈ വഴിയില്‍നിന്ന് വ്യതിചലിക്കാതിരിക്കണം. സഭയുടെ എല്ലാ അജപാലനപ്രവര്‍ത്തനങ്ങളും ആരാധനാവത്സരചൈതന്യത്തിനു ചേര്‍ന്നവിധം ക്രമീകരിക്കേണ്ടതിണ്റ്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത്. ഇതേക്കുറിച്ച്, 'അജഗണത്തിണ്റ്റെ ഇടയന്‍മാര്‍' എന്ന തണ്റ്റെ ശ്ളൈഹിക പ്രബോധനത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇപ്രകാരം പഠിപ്പിക്കുന്നു: 'മിശിഹാരഹസ്യത്തെ കേന്ദ്രീകരിച്ചുള്ള രൂപതയുടെ ജീവിതത്തിന് ചേര്‍ന്ന അജപാലനപദ്ധതി രൂപപ്പെടുത്തുന്നതിന് ഉചിതമായ അടിസ്ഥാനമാണ് ആരാധനാവത്സരവും അതിണ്റ്റെ ആഘോഷങ്ങളും' എന്ന്.
ആരാധനാവത്സരം എപ്രകാരമാണ് ആചരിക്കേണ്ടതെന്ന് സഭ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. രൂപതയിലെ അജപാലനശുശ്രൂഷയില്‍ കേന്ദ്രസ്ഥാനം ലിറ്റര്‍ജിക്കാണെന്നുള്ള ബോദ്ധ്യം രൂപതയിലാകമാനം വളരണമെന്ന് പരിശുദ്ധപിതാവ് ഉദ്ബോധിപ്പിക്കുന്നു. ആദ്ധ്യാത്മിക ജീവിതത്തിണ്റ്റെയും വിശ്വാസപരിശീലനത്തിണ്റ്റെയും അജപാലന പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രം ലിറ്റര്‍ജി ആയിരിക്കണം. (pg. 36).
ആരാധനാവത്സരത്തിലുടനീളം മിശിഹായുടെ പെസഹാരഹസ്യമാണ് അനുസ്മരിക്കപ്പെടുന്നതെങ്കിലും അജപാലനശുശ്രൂഷയുടെ ഹൃദയസ്ഥാനത്ത് നിലകൊള്ളുന്നത് ഞായറാഴ്ച, കര്‍ത്താവിണ്റ്റെ ദിവസം നടക്കുന്ന പെസഹാരഹസ്യാഘോഷമാണ്. കര്‍ത്തൃദിനാചരണത്തിന് ക്രിസ്തീയജീവിതത്തില്‍ സവിശേഷമായ സ്ഥാനമാണുള്ളത്; പ്രത്യേകിച്ച് അന്നത്തെ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്. വിശ്വാസത്തിണ്റ്റെ ഒരു പ്രത്യേകദിനമായി, ഉത്ഥിതനായ കര്‍ത്താവിണ്റ്റെയും റൂഹാദാനത്തിണ്റ്റെയും ദിവസമായി, ആഴ്ചതോറുമുള്ള ഉയിര്‍പ്പുതിരുനാളായി ഞായറാഴ്ച അനുഭവവേദ്യമാകണമെന്ന് മാര്‍പാപ്പാ പഠിപ്പിക്കുന്നു (pg. 36). പാപ്പാ പറയുന്നു, ദൈവജനം ഞായറാഴ്ചകളെ കേന്ദ്രീകരിച്ചു നടത്തുന്ന ഒരു തീര്‍ത്ഥാനടമാണ് ക്രിസ്തീയജീവിതമെന്ന്. അതിണ്റ്റെ ലക്ഷ്യം ഒരിക്കലും അവസാനിക്കാത്ത ഒരു എട്ടാം ദിവസമാണ്. അതായത് സ്വര്‍ഗ്ഗീയ ജീവിതമാകുന്ന നിത്യമായ ഈസ്റ്റര്‍.
ഞായറാഴ്ചയാചരണത്തിണ്റ്റെ പ്രാധാന്യത്തെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ ഇപ്രകാരം പഠിപ്പിക്കുന്നു:
'കര്‍ത്താവിണ്റ്റെ ദിവസമാണ് പ്രഥമതിരുനാള്‍ദിനം. ആരാധനാവത്സരത്തിണ്റ്റെ മുഴുവന്‍ അടിസ്ഥാനവും കേന്ദ്രവും ഞായറാഴ്ചയായതിനാല്‍ മറ്റ് ആഘോഷങ്ങള്‍ക്ക് പരമപ്രാധാന്യമില്ലെങ്കില്‍ ഞായറാഴ്ചയേക്കാള്‍ മുന്‍ഗണന കൊടുക്കരുത്. ക്രിസ്തീയ വിശ്വാസികളെല്ലാവരും ദൈവവചനം ശ്രവിക്കുവാനും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാനും ദൈവത്തിനു നന്ദി പറയാനും ഈ ദിവസം ഒരുമിച്ചുകൂടണം' (ലിറ്റര്‍ജി, 106).
ആരാധനാവത്സരത്തെ വിവിധ കാലങ്ങളായി തിരിച്ച് മിശിഹാരഹസ്യത്തിണ്റ്റെ വിവിധ ഘട്ടങ്ങള്‍ അനുസ്മരിച്ചാഘോഷിക്കുന്ന രീതിയാണ് സഭയുടേത്. നമ്മുടെ സഭാപാരമ്പര്യത്തില്‍ മംഗളവാര്‍ത്തക്കാലം മുതല്‍ പള്ളിക്കൂദാശക്കാലം വരെയുള്ള വിവിധകാലങ്ങളിലൂടെ, രക്ഷകവാഗ്ദാനം, രക്ഷകണ്റ്റെ പിറവി, മിശിഹായുടെ പരസ്യജീവിതം, പീഡാസഹനം, മരണം, ഉത്ഥാനം, മിശിഹാരഹസ്യത്തിണ്റ്റെ പ്രഘോഷണം, സഭയിലൂടെ തുടരുന്ന മിശിഹായുടെ രക്ഷാകര പ്രവര്‍ത്തനം, മിശിഹായുടെ പ്രത്യാഗമനം, രക്ഷാകരപദ്ധതിയുടെ പരിസമാപ്തിയായ സഭയുടെ സ്വര്‍ഗ്ഗപ്രവേശനം എന്നീ മിശിഹാസംഭവങ്ങളാണ് ആരാധനാവത്സരത്തില്‍ ആഘോഷിക്കപ്പെടുന്നത്. ഈ കാലഘട്ടങ്ങളോട് പൊരുത്തപ്പെടുത്തിക്കൊണ്ട് രക്ഷകണ്റ്റെ തിരുനാളുകളും മറിയത്തിണ്റ്റെ തിരുനാളുകളും വിശുദ്ധരുടെ തിരുനാളുകളും ആചരിക്കുന്നു.
രക്ഷാരഹസ്യങ്ങള്‍ ആഘോഷിക്കപ്പെടുന്ന രക്ഷകണ്റ്റെ തിരുനാളുകളിലേക്കാണ് വിശ്വാസികളുടെ ശ്രദ്ധ പ്രഥമമായി തിരിയേണ്ടതെന്നും ഈ രഹസ്യങ്ങളെ കേന്ദ്രീകരിച്ചുള്ള കര്‍ത്തൃകാലഘട്ടങ്ങള്‍ക്ക് വിശുദ്ധരുടെ തിരുനാളുകളേക്കാള്‍ മുന്‍ഗണന നല്‍കണമെന്നും വത്തിക്കാന്‍ കൌണ്‍സിലിലൂടെ സഭ പഠിപ്പിക്കുന്നു. മിശിഹായുടെ രക്ഷാകരകര്‍മ്മത്തില്‍ മറിയത്തിന് അഗാധവും അനന്യവുമായ പങ്കാണുള്ളത്. അതിനാല്‍ മറ്റു വിശുദ്ധരേക്കാള്‍ പ്രാധാന്യം നമ്മുടെ സഭയുടെ ആരാധനാവത്സരത്തില്‍ മരിയവണക്കത്തിനുണ്ട്. ബുധനാഴ്ചകളിലെ മരിയ സ്മരണയും മംഗളവാര്‍ത്തക്കാലത്തെ മരിയ വണക്കവും മറിയത്തിണ്റ്റെ തിരുനാളുകളും അവയോടനുബന്ധിച്ച് നോമ്പാചരണങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നു.
ഇതുകൂടാതെ മറ്റ് ഓര്‍മ്മദിനങ്ങളും വിശുദ്ധരുടെ തിരുനാളുകളും ആരാധനാവത്സരാചരണത്തിണ്റ്റെ ഭാഗമാണ്. വിശുദ്ധരുടെ തിരുനാളുകള്‍ക്ക് രക്ഷാരഹസ്യങ്ങളുടെ ഓര്‍മ്മയാചരിക്കുന്ന തിരുനാളുകളേക്കാള്‍ പ്രാധാന്യം നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് സഭയുടെ ഉദ്ബോധനം. അതിനാല്‍ തിരുനാള്‍ ദിവസങ്ങളുടെ എണ്ണം, മറ്റ് ആഘോഷങ്ങള്‍ തുടങ്ങിയവയിലൊക്കെ നിയന്ത്രണം പാലിക്കേണ്ടതുണ്ട്. കൂടാതെ വിവിധ ഭക്ത്യാനുഷ്ഠാനങ്ങള്‍ക്ക് ആരാധനാവത്സരകാലഘട്ടങ്ങളോട് പൊരുത്തമുണ്ടായിരിക്കണമെന്നും ആരാധനക്രമത്തിനനുസൃതമായിരിക്കണമെന്നും, അവ ആരാധനക്രമത്തില്‍നിന്നുതന്നെ മുളയെടുക്കുന്നവയും ജനങ്ങളെ അതിലേയ്ക്കടുപ്പിക്കുന്നവയുമായിരിക്കണമെന്നും വത്തിക്കാന്‍ കൌണ്‍സില്‍ പഠിപ്പിക്കുന്നു (ലിറ്റര്‍ജി, 13).
ആരാധനാവത്സരാചരണത്തെക്കുറിച്ച് തിരുസ്സഭയുടെ പ്രബോധനവും മാര്‍ഗ്ഗനിര്‍ദ്ദേശവുമനുസരിച്ച് നമ്മള്‍ തയ്യാറാക്കിയിരിക്കുന്ന ആരാധനാവത്സരപഞ്ചാംഗം കൃത്യതയോടും വിശ്വസ്തതയോടുംകൂടി എല്ലാവരും ഉപയോഗപ്പെടുത്തണമെന്നഭ്യര്‍ത്ഥിക്കുന്നു. ആരാധനാവത്സരത്തെക്കുറിച്ച് പൊതുവായും അതിലെ ഓരോ കാലഘട്ടത്തെക്കുറിച്ച് പ്രത്യേകമായും ദൈവജനത്തെ പഠിപ്പിക്കാനും അവ ആചരിക്കുന്നതിന് ശരിയായ പരിശീലനം അവര്‍ക്കു നല്‍കാനും ബഹുമാനപ്പെട്ട വൈദികര്‍ ശ്രദ്ധ ചെലുത്തണം. ആരാധനാവ്തസരപഞ്ചാംഗത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ ആവശ്യമായ ബോധവല്‍ക്കരണം നടത്തി നന്നായി ഒരുങ്ങി ആഘോഷപൂര്‍വ്വം ഓരോ കാലവും ആരംഭിക്കാന്‍ ഇടവകകള്‍ ശ്രദ്ധിക്കേണ്ടതാണ്.
അനുദിനം ദൈവത്തെ കണ്ടുമുട്ടുന്ന ദൈവത്തിണ്റ്റെ പാതയാണ് ആരാധനാവത്സരം. മിശിഹായോടും അവിടുത്തെ ശരീരവും തുടര്‍ച്ചയുമായ സഭയോടുമൊപ്പമുള്ള നമ്മുടെ സ്വര്‍ഗ്ഗോന്‍മുഖയാത്രയാണ് ആരാധനാവത്സരാചരണം. ആകയാല്‍ ഏറ്റവും ശ്രദ്ധയോടും ഭക്തിയോടുംകൂടി അതാചരിക്കാന്‍ നമുക്കു പരിശ്രമിക്കാം.
നമ്മുടെ കര്‍ത്താവീശോമിശിഹാ നിങ്ങളേവരെയും ആശീര്‍വ്വദിച്ചനുഗ്രഹിക്കട്ടെ.
ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം
No comments:
Post a Comment