Monday, November 22, 2010

ഇടയലേഖനങ്ങള്‍ ഹൈജാക്ക്‌ ചെയ്യപ്പെടുന്നോ?

ഇടയലേഖനങ്ങള്‍ക്ക്‌ പ്രസക്തിയില്ല, അത്‌ കേള്‍വിക്കാരുടെ ഒരു ചെവിയില്‍ക്കൂടി കയറി മറ്റേചെവിയില്‍ക്കൂടി ഇറങ്ങിപ്പോവുകയേ ഉള്ളൂ എന്നുപറഞ്ഞ പാര്‍ട്ടികളും മാധ്യമങ്ങളും തന്നെ ഇടയലേഖനങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമാക്കുന്നതില്‍ സന്തോഷമുണ്ട്‌. ഇടയലേഖനങ്ങള്‍ തങ്ങള്‍ക്ക്‌ അനുകൂലമാണെന്നു വരുത്തിത്തീര്‍ക്കാനാണ്‌ അവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്‌. അതുവഴി പ്രസ്തുത ലേഖനങ്ങള്‍ കേള്‍ക്കുന്നവരെ കബളിപ്പിക്കാമെന്നായിരിക്കാം അവര്‍ കരുതുക. എന്നാല്‍ കേരളത്തിലെ വിശ്വാസികള്‍ അത്രയും പ്രബുദ്ധതയില്ലാത്തവരാണെന്ന തോന്നല്‍ മൌഢ്യമല്ലേ?



ഈയിടെ ചര്‍ച്ചചെയ്യപ്പെട്ട രണ്ട്‌ രേഖകള്‍ സാങ്കേതികാര്‍ത്ഥത്തില്‍ ഇടയലേഖനങ്ങളല്ല. ഒന്നു CBCI യ്ക്കുവേണ്ടി അതിണ്റ്റെ സെക്രട്ടറി ജനറല്‍ പുറപ്പെടുവിച്ച ഒരു പ്രസ്താവനയായിരുന്നു. KCBC യില്‍നിന്നും വന്നത്‌ കേരളജനതയ്ക്കുള്ള ഒരു 'ആഹ്വാനമായിരുന്നു'. എങ്കിലും പ്രസ്തുത രേഖകള്‍ക്ക്‌ ഇന്നത്തെ പശ്ചാത്തലത്തില്‍ പ്രാധാന്യമുണ്ട്‌  CBCI  യില്‍നിന്നും അയച്ചുതന്ന രേഖകള്‍ തങ്ങള്‍ക്ക്‌ അനുകൂലമാണന്നും തങ്ങളുടെ മുന്നണിയെ പിന്താങ്ങണമെന്ന അഭ്യര്‍ത്ഥനയായിരുന്നു അത്‌ എന്നും വരുത്തിത്തീര്‍ക്കാന്‍ ചില പാര്‍ട്ടിക്കാരും മാധ്യമങ്ങളും ശ്രമിച്ചത്‌ വിചിത്രമായി തോന്നി. ഈ രേഖ പൊതുവെയുള്ള പശ്ചാത്തലം നിരീക്ഷിക്കുകയും ചില പൊതുതത്ത്വങ്ങള്‍ ചൂണ്ടിക്കാണിക്കുകയുമാണ്‌ ചെയ്തത്‌. ആരെയും ജനപക്ഷസംരക്ഷകരായി രേഖ ചൂണ്ടിക്കാട്ടിയിട്ടില്ല. നേരെമറിച്ച്‌ കേരളത്തിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്താകണം, ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കുന്നവരെയായിരിക്കണം തെരഞ്ഞെടുക്കേണ്ടത്‌ എന്നാണ്‌ ആ രേഖ സൂചിപ്പിച്ചത്‌.


സഭാദ്ധ്യക്ഷന്‍മാരുടെ ആഹ്വാനം അനുകൂലമാണ്‌?


KCBC യില്‍നിന്നുള്ള രേഖ ഭാരതത്തിലെ കാര്യങ്ങള്‍ പൊതുവായി പറഞ്ഞശേഷം ഇവിടെ നിലവിലിരിക്കുന്ന കാര്യങ്ങളോടുതന്നെയാണ്‌ പ്രതികരിച്ചിരിക്കുന്നത്‌ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നിട്ടും അതു ഞങ്ങള്‍ക്കനുകൂലമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്‌ അതിബുദ്ധിയാണ്‌. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകതന്നെയായിരിക്കും അവരുടെ ലക്ഷ്യം. ഇക്കഴിഞ്ഞ കാലഘട്ടത്തിലെ ന്യൂനപക്ഷപീഡനം മുന്നില്‍ക്കണ്ടുകൊണ്ട്‌ പ്രസ്തുത രേഖ നടത്തിയ ചില പരാമര്‍ശനങ്ങള്‍ മാത്രം ഇവിടെ ചേര്‍ക്കട്ടെ: "വിദ്യാഭ്യാസമേഖലയിലും മറ്റും നിരന്തരം നടക്കുന്ന ന്യൂനപക്ഷാവകാശധ്വംസനങ്ങളെ ഈ പശ്ചാത്തലത്തില്‍വേണം വിലയിരുത്താന്‍. കോടതിയും ഭരണഘടനയും മാത്രമാണ്‌ പലപ്പോഴും ന്യൂനപക്ഷങ്ങള്‍ക്ക്‌ ആശ്രയം... കേരളത്തില്‍ പലയിടങ്ങളിലും പ്രത്യേകിച്ച്‌ വടക്കന്‍ജില്ലകളില്‍ കാണുന്ന ജനാധിപത്യവിരുദ്ധനീക്കങ്ങള്‍ ഫലത്തില്‍ മറ്റുള്ളവരുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമല്ലേയെന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു... (തെരഞ്ഞെടുക്കപ്പെടേണ്ടവര്‍) നിരീശ്വരവാദവും അക്രമരാഷ്ട്രീയവും മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നവരാകരുത്‌... ഇന്നത്തെ സാഹചര്യത്തില്‍ സത്യം, നീതി, സാഹോദര്യം, സമഭാവന, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നവരായിരിക്കണം നമ്മുടെ ഭരണകര്‍ത്താക്കള്‍. വിവാഹത്തിണ്റ്റെയും കുടുംബത്തിണ്റ്റെയും ഭദ്രതയും മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതോടൊപ്പം ഗര്‍ഭഛിദ്രം, ദയാവധം തുടങ്ങിയ തിന്‍മകളെ ചെറുക്കുന്നവരുമാകണം അവര്‍"(ആഹ്വാനം 7,8,9,10). ഇതെല്ലാം ആരെക്കുറിച്ചാണ്‌ പറയുന്നത്‌ എന്നു സാധാരണക്കാര്‍ക്ക്‌ മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമില്ല. ചില പാര്‍ട്ടികളിലെ "അംഗങ്ങള്‍ വൈരുദ്ധ്യാത്മക ഭൌതികവാദം പഠിച്ചിട്ടുള്ളവരും അത്‌ പഠിപ്പിക്കാന്‍ പ്രാപ്തരുമായിരിക്കണമെന്നു" വ്യവസ്ഥയുണ്ടല്ലോ. പിതാക്കന്‍മാരുടെ ഈ ആഹ്വാനം ചെവിക്കൊള്ളുന്നവര്‍ക്ക്‌ ഇത്തരക്കാരെ എങ്ങനെയെങ്കിലും പിന്തുണയ്ക്കാനാകുമോ? ഈ ആഹ്വാനത്തെ എത്ര വലിച്ചു നീട്ടിയാലും അത്രടം എത്തിക്കാനാവില്ല!


ഇടയലേഖനങ്ങള്‍ മനഃസാക്ഷിരൂപീകരണത്തിന്‌. 


കത്തോലിക്കാസഭയില്‍ ഇടയലേഖനങ്ങള്‍ക്ക്‌ വലിയ പ്രാധാന്യമുണ്ട്‌. ശ്ളീഹന്‍മാരുടെ പിന്‍ഗാമികള്‍ തങ്ങളുടെ ശുശ്രൂഷയ്ക്ക്‌ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നവരുടെ ബോധനത്തിനായി നല്‍കുന്ന പ്രാമാണികരേഖകളാണവ.


അവയെ ശ്രദ്ധിക്കാത്തവരെ വിശ്വാസികളെന്നു പറയാനാകില്ല. ആനുകാലിക പ്രശ്നങ്ങളുടെ നടുവില്‍ പ്രായോഗിക പ്രശ്നങ്ങളെ സംബന്ധിച്ചുള്ള വിശ്വാസത്തിണ്റ്റെ നിലപാടുകളെന്തായിരിക്കണമെന്ന്‌ ആധികാരികമായി പഠിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള രേഖകളാണവ. വിശ്വാസികളുടെ മന:സാക്ഷിരൂപീകരണത്തില്‍ അവ പ്രധാന മാനദണ്ഡങ്ങളായിരിക്കണം. പ്രത്യേക സാഹചര്യങ്ങളിലെ ദൈവഹിതം എന്താണെന്നു മനസ്സിലാക്കാന്‍ ശ്ളീഹന്‍മാരുടെ പിന്‍ഗാമികളായ മെത്രാന്‍മാരുടെ പ്രബോധനങ്ങള്‍ നമുക്ക്‌ മാര്‍ഗ്ഗദര്‍ശനങ്ങളായിരിക്കേണ്ടതാണ്‌. അത്‌ അവഗണിക്കുന്നത്‌ വിശ്വാസികള്‍ക്ക്‌ ചേര്‍ന്നതല്ല.


എല്ലാ തലങ്ങളിലും-സാമൂഹിക, സാമ്പത്തിക, രാഷ്ട്രീ യ, കലാ, വിനോദ, രംഗങ്ങളിലെല്ലാം-മന:സാക്ഷിക്കനുസരിച്ചാണ്‌ വ്യക്തികള്‍ പ്രവര്‍ത്തിക്കേണ്ടത്‌. പക്ഷേ ഈ മന:സാക്ഷി വിശ്വാസത്തിണ്റ്റെ വെളിച്ചത്തില്‍ രൂപപ്പെടേണ്ടതാണ്‌. കേവലഭൌതികവാദികള്‍ക്ക്‌ ലക്ഷ്യപ്രാപ്തി മാത്രമായിരിക്കും മാനദണ്ഡം. ചുറ്റുപാടുമുള്ള ശരാശരിക്കു ചേര്‍ന്നുപോയാല്‍മതിയെന്നു കരുതുന്ന അവസരവാദികളും ഉണ്ടായിരിക്കും. എന്നാല്‍ മതവിശ്വാസികള്‍ വിശ്വാസത്തിന്‌ ചേര്‍ന്ന രീതിയിലാകണം പ്രവര്‍ത്തിക്കേണ്ടത്‌. വിശ്വാസികള്‍ ഏതു മേഖലയിലാണെങ്കിലും ദൈവഹിതത്തോട്‌ വിശ്വസ്തരായിരിക്കാതെ പറ്റില്ല. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദൈവഹിതം നമുക്ക്‌ ഉറപ്പായി വിശദീകരിച്ചു നല്‍കുന്നത്‌ സ ഭാധ്യക്ഷന്‍മാരാണ്‌. ഇത്‌ സ്വീകരിച്ച്‌ മന:സാക്ഷി ശരിയായി രൂ പപ്പെടുത്തുക ഓരോ ക്രൈസ്തവണ്റ്റെയും ചുമതലയാണ്‌. ശരിയായ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ മന:സാക്ഷി രൂപപ്പെടുത്തിയാലേ പ്രായോഗിക തീരുമാനങ്ങള്‍ നന്‍മയ്ക്ക്‌ ഉതകുകയുള്ളൂ.


മന:സാക്ഷിയ്ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കണം 


സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവര്‍ ഏതു സംഘടനകളില്‍പ്പെട്ടവരായാലും സഭയുടെ സാമൂഹിക അവബോധത്തില്‍ നിന്നുമാണ്‌ പ്രചോദനം സ്വീകരിക്കേണ്ടത്‌. ജീവണ്റ്റെയും സാങ്കേതിക വിദ്യയുടെയുമെല്ലാം രംഗത്ത്‌ ക്രൈസ്തവധാര്‍മ്മികപ്രബോധനങ്ങള്‍ക്കനുസരിച്ച്‌ തീരുമാനങ്ങളെടുക്കേണ്ടതുണ്ട്‌. ഭൌതികമണ്ഡലത്തിലാണ്‌ അല്‍മായര്‍ പ്രധാനമായും തങ്ങളുടെസുവിശേഷാത്മകദൌത്യം നിര്‍വ്വഹിക്കുന്നത്‌. അതിന്‌ അവര്‍ ഈ തലങ്ങളിലെ ഭൌതിക യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും മനസ്സിലാക്കണം. എന്നാല്‍ അതോടോപ്പം സഭയുടെ പ്രബോധനങ്ങള്‍ക്കും ധാര്‍മ്മികനിയമങ്ങള്‍ക്കും അനുസൃതമായി തന്നെയായിരിക്കണം നിലപാടുകള്‍ സ്വീകരിക്കേണ്ടത്‌.


രാഷ്ട്രീയരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവര്‍ പല പാര്‍ട്ടികളിലാണ്‌ പ്രവര്‍ത്തിക്കുക. പാര്‍ട്ടികള്‍ക്ക്‌ അവരവരുടേതായ കാഴ്ചപ്പാടുകളും പരിപാടികളും ഉണ്ടാകും. അവയെല്ലാം സമന്വയിപ്പിച്ചാണ്‌ ജനഹിതം രൂപപ്പെടുത്തേണ്ടത്‌. എന്നാല്‍ ജനഹിതമോ പാര്‍ട്ടിതാല്‍പര്യങ്ങളോ ദൈവഹിതത്തിന്‌ അതീതമല്ല. ദൈവഹിതത്തിന്‌ വിരുദ്ധമായ നിലപാടുകള്‍ ആരെടുത്താലും അതിനോട്‌ സഹകരിക്കുവാന്‍ ക്രൈസ്തവവിശ്വാസിക്കു സാധിക്കുകയില്ല. ഉദാഹരണമായി ഭ്രൂണഹത്യ, ദയാവധം തുടങ്ങിയവയെല്ലാം നിയമാനുസൃതമാക്കുകയോ നിര്‍ബന്ധമാക്കുകയോ ചെയ്യാന്‍ പാര്‍ട്ടികള്‍ നിലപാടെടുത്താല്‍ ക്രൈസ്തവമന:സാക്ഷി അതിനെ ശക്തമായി എതിര്‍ക്കുകതന്നെ വേണം. താല്‍ക്കാലിക നേട്ടങ്ങളല്ല, ദൈവത്തിണ്റ്റെ മുമ്പിലുള്ള നീതീകരണത്തിനാണ്‌ ക്രൈസ്തവര്‍ ശ്രമിക്കേണ്ടത്‌. സഭയെ നിരന്തരം അധിക്ഷേപിക്കുകയും, സഭയുടെ അവകാശങ്ങള്‍ നിഷേധിക്കുകയും, ഈശ്വരവിശ്വാസത്തെ ഉന്‍മൂലനംചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന വരോട്‌ ക്രൈസ്തവമന:സാക്ഷിക്ക്‌ എങ്ങനെ പൊരുത്തപ്പെടാന്‍ സാധിക്കും? ഇന്ന്‌ രാഷ്ട്രീയരംഗത്തുള്ള വിശ്വാസികള്‍ ഇത്‌ വിലയിരുത്തണം.


താല്‍ക്കാലികനേട്ടങ്ങള്‍ക്കല്ല, ധാര്‍മ്മികതയ്ക്കാണ്‌ പ്രാധാന്യം


ഈ പശ്ചാത്തലത്തില്‍ ഇടയലേഖനങ്ങള്‍ക്കും രൂപതാമേലധ്യക്ഷന്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ക്കും പ്രത്യേക പ്രാധാന്യമുണ്ട്‌. ഇന്നത്തെ സാഹചര്യത്തില്‍ മന:സാക്ഷിരൂപീകരണത്തിന്‌ ഇത്തരം ഉദ്ബോധനങ്ങള്‍ മാനദണ്ഡങ്ങളാക്കേണ്ടതാണ്‌. ഈ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാകണം നമ്മള്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത്‌. താല്‍ക്കാലിക നേട്ടങ്ങളല്ല ദൈവഹിതമാണ്‌ നാം അനുവര്‍ത്തിക്കേണ്ടത്‌. മാമോനെയും ദൈവത്തേയും ഒരുപോലെ പ്രീതിപ്പടുത്താനാവില്ല എന്നും നാം ഓര്‍ക്കേണ്ടതുണ്ട്‌.

No comments:

Post a Comment