ഒരു ശിശുവിണ്റ്റെ മാമ്മോദീസായില്‍ സ്വന്തം മാതാപിതാക്കള്‍ക്ക് തലതൊട്ടപ്പനും തലതൊട്ടമ്മയുമായിരിക്കുവാന്‍ സാധിക്കുമോ? വിവാഹം കഴിക്കാത്തവര്‍ക്ക് തലതൊടുവാന്‍ അനുവാദമുണ്ടോ?
പുതുതായി വിശ്വാസം സ്വീകരിക്കുന്നവരെ സഭാജീവിതത്തിലേയ്ക്ക് നയിക്കുന്നതിനും വിശ്വാസപരിശീലനത്തില്‍ സഹായിക്കുന്നതിനുമാണ് തലതൊട്ടപ്പനും തലതൊട്ടമ്മയും (God Parent) നിയോഗിക്കപ്പെടുന്നത്. വിശ്വാസത്തില്‍ ശിശുവിനെ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്കു മാത്രമല്ല, സഭയ്ക്ക് മുഴുവന്‍ ദൌത്യമുണ്ടെന്നാണ് ഇപ്രകാരം ജ്ഞാനസ്നാന മാതാപിതാക്കളെ നിയോഗിക്കുന്നതിലൂടെ സഭ ഓര്‍മ്മിപ്പിക്കുന്നത്. ആയതിനാല്‍ ശിശുവിണ്റ്റെ തലതൊടുവാന്‍ ഒരാളെങ്കിലും ഉണ്ടായിരിക്കണമെന്ന് സഭാനിയമം നിഷ്കര്‍ഷിക്കുന്നു (CCEO. 684).
മാമ്മോദീസാ സ്വീകരിക്കുന്ന വ്യക്തിയുടെ മാതാവോ പിതാവോ, ജീവിതപങ്കാളിയോ തലതൊടുവാന്‍ പാടില്ല എന്ന് നിയമം അനുശാസിക്കുന്നുണ്ട്. മാതാപിതാക്കളുടെ അസാന്നിദ്ധ്യത്തിലോ, കുഞ്ഞുങ്ങളുടെ വിശ്വാസ സംബന്ധമായ ഉത്തരവാദിത്വ നിര്‍വ്വഹണത്തില്‍ മാതാപിതാക്കള്‍ക്ക് വീഴ്ച സംഭവിക്കുമ്പോഴോ തലതൊട്ടവരുടെ സഹായം ഉറപ്പാക്കുകയാണ് ഇതുവഴി സഭ ചെയ്യുന്നത്. ജ്ഞാനസ്നാന മാതാപിതാക്കളാകുന്നവര്‍ വിവാഹിതരായിരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ അവര്‍ ൧൮ വയസ്സു തികഞ്ഞവരും കത്തോലിക്കാ സഭയിലെ അംഗങ്ങളുമായിരിക്കണം. അവര്‍ പ്രവേശക കൂദാശകളായ മാമ്മോദീസായും തൈലാഭിഷേകവും വി. കുര്‍ബാനയും സ്വീകരിച്ചവരും വിശ്വാസജീവിതം നയിക്കുന്നവരുമാകണം: സന്‍മാര്‍ഗ്ഗഭ്രംശപരമായ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരെ തലതൊടുവാന്‍ അനുവദിച്ചുകൂടാ: തലതൊടുന്നവരുടെ ഉത്തരവാദിത്വം നിറവേറ്റാനുള്ള ഉദ്ദേശ്യവും പക്വതയുമുള്ളവരേയാണ് ഇപ്രകാരം മാതാപിതാക്കള്‍ നിയോഗിക്കേണ്ടത് (CCEO. 685; Particular Law Art. 135).
തലതൊടുന്നവര്‍ക്ക് അതിനു തടസ്സമില്ലെന്ന് അവരുടെ ഇടവകവികാരിയുടെ സാക്ഷിപത്രം പ്രവേശക കൂദാശാ പരികര്‍മ്മത്തിനു മുമ്പായി അത് പരികര്‍മ്മം ചെയ്യുന്ന ഇടവക വികാരിയെ ഏല്‍പിക്കേണ്ടതാണ് (Particular Law Art. 135 1).
ഫാ. ഐസക് ആലഞ്ചേരി (Jr.)
Vice-Chancellor
No comments:
Post a Comment