Wednesday, November 10, 2010

തെരഞ്ഞെടുപ്പും തന്ത്രങ്ങളും

Mar Joseph Powathil (courtesy to Vimala Books)
തെരഞ്ഞെടുപ്പിന്‌ തയ്യാറെടുക്കുമ്പോള്‍ കേരളത്തില്‍ മാത്രം കാണുന്ന ചില പ്രത്യേകതകളുണ്ട്‌. നാമനിര്‍ദ്ദേശാവസരത്തില്‍ 'അപരന്‍മാ'രെ അവതരിപ്പിക്കുന്ന തന്ത്രം തികച്ചും കേരളീയമാണെന്നു തോന്നുന്നു. പിന്നീടങ്ങോട്ട്‌ നേതാക്കന്‍മാര്‍ പൊയ്മുഖങ്ങളണിഞ്ഞ്‌ തങ്ങള്‍ ചെയ്ത തെറ്റുകളെല്ലാം വ്യാഖ്യാനിച്ച്‌ നന്‍മകളാക്കാനാണ്‌ ശ്രമം.
കൃത്രിമമായ പല പ്രശ്നങ്ങളും ഉന്നയിച്ച്‌ ജനങ്ങളില്‍ കഴിയുന്നത്ര ചിന്താകുഴപ്പം ഉണ്ടാക്കുകയാണ്‌ മറ്റൊരു തന്ത്രം. ഉദാഹരണമായി 'മതേതരത്വം' 'വര്‍ഗ്ഗീയത' തുടങ്ങിയ വാക്കുകള്‍ പല അര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പുവേദികളില്‍ ഉപയോഗിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ നമുക്ക്‌ പരിചിതമാണ്‌. ഇപ്പോള്‍ തന്നെ ഇടതുപാര്‍ട്ടി നേതാക്കന്‍മാരും അവരുടെ ബുദ്ധിജീവികളും ചേര്‍ന്ന്‌ 'ഇടയലേഖനം' വ്യാഖ്യാനിച്ച്‌ വ്യാഖ്യാനിച്ച്‌ അത്‌ അവര്‍ക്കുവേണ്ടിയാണെന്നു വരുത്തിതീര്‍ക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണല്ലോ. 


തെരഞ്ഞെടുപ്പുതീയതി അടുക്കുന്തോറും തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനു വേഗമേറും. ഒട്ടും പ്രതീക്ഷിക്കാത്ത മുറകള്‍ പ്രയോഗിച്ച്‌ മനുഷ്യമനസ്സുകളെ കശക്കാനാണ്‌ പല പാര്‍ട്ടികളും തീവ്രമായി ശ്രമിക്കുന്നത്‌. പുതിയ വാര്‍ത്തകള്‍ സൃഷ്ടിക്കാം, അപവാദങ്ങള്‍ പ്രചരിപ്പിക്കാം, എന്തും പ്രതീക്ഷിക്കാം അടുത്തദിവസങ്ങളില്‍. വോട്ടേഴ്സ്ളിസ്റ്റില്‍ നിന്ന്‌ ആളുകളുടെ പേര്‌ വെട്ടിമാറ്റുക നേരത്തെതന്നെ നടപ്പിലാക്കുന്ന പദ്ധതിയാണ്‌. ചില പ്രത്യേക പ്രദേശങ്ങളില്‍ പാര്‍ട്ടിക്കു താല്‍പര്യമുള്ളയാളുകളെ പോളിങ്ങ്‌ ബൂത്തില്‍ നിയോഗിക്കുക, വോട്ടുചെയ്യാന്‍ വരുന്നവരെ ഭീഷണിപ്പെടുത്തി പിന്തരിപ്പിക്കുക, പാവപ്പെട്ട ആളുകളുടെ തിരിച്ചറിയല്‍കാര്‍ഡ്‌ പിടിച്ചെടുക്കുക തുടങ്ങിയ ധാരാളം ടെക്നിക്കുകള്‍ വേറെയുമുണ്ട്‌. നിരന്തരമായ ജാഗ്രതയും ധീരതയും കൂട്ടായ്മബോധവും അവശ്യം പുലര്‍ത്തിയാലേ ഇതിനിടയില്‍ ഒരു സമ്മതിദായകന്‌ തണ്റ്റെ ചുമതല നിര്‍വ്വഹിക്കാനാവൂ. 


വിലയിരുത്തലിണ്റ്റെ അടിസ്ഥാനം


പാര്‍ട്ടികള്‍ വിചിന്തനത്തിനായി അവതരിപ്പിക്കുന്ന വിഷയങ്ങള്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്നവയായിരിക്കുമെന്നോര്‍ക്കണം. രാജ്യത്തിണ്റ്റെ സുരക്ഷിതത്വം, സാമ്പത്തികമാന്ദ്യം, എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള വികസനം ഇക്കാര്യങ്ങളെല്ലാം അവര്‍ ഉയര്‍ ത്തിപ്പിടിക്കുന്നു. ഇതിലൊന്നും പാര്‍ട്ടികള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. വര്‍ഗ്ഗീയവാദം, ഭീകരത, ന്യൂനപക്ഷസംരക്ഷണം തുടങ്ങിയ പദങ്ങള്‍കൊണ്ട്‌ പാര്‍ട്ടികള്‍ അമ്മാനമാടാറുണ്ട്‌. എല്ലാവരും അകറ്റിനിര്‍ത്തുന്നവരെന്നു പറയുന്ന ബിജെപി പോലും തങ്ങള്‍ ന്യുനപക്ഷവിരുദ്ധരാണന്നും ഭീകരവാദികളാണെന്നും പറയില്ല. ഇതിനെല്ലാമിടയ്ക്ക്‌ ചില നല്ല മനുഷ്യര്‍, പാര്‍ട്ടികളെ നോക്കേണ്ട; വ്യക്തികളെ നോക്കിയാല്‍ മതിയെന്നു വിളിച്ചു പറയാറുണ്ട്‌. പാര്‍ട്ടിസമ്പ്രദായത്തിണ്റ്റെ കുരുക്കുകള്‍ അവര്‍ക്ക്‌ അറിയാമെന്നു തോന്നുന്നില്ല. വാസ്തവത്തില്‍ പ്രകടനപത്രികകളെക്കാള്‍ പാര്‍ട്ടികളെ നയിക്കുന്ന ദര്‍ശനങ്ങള്‍, പ്രത്യയശാസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാമാണ്‌ വിലയിരുത്തലിന്‌ കൂടുതല്‍ വിഷയമാക്കേണ്ടത്. 


പാര്‍ലമെണ്റ്റ്‌ തെരഞ്ഞെടുപ്പാണെങ്കിലും കേരളത്തിലെ എല്ലാപാര്‍ട്ടികളും ഒന്നുപോലെ പറഞ്ഞിട്ടുള്ള ഒരുകാര്യം ഇത്‌ ഇവിടത്തെ ഇക്കഴിഞ്ഞ മൂന്നുവര്‍ഷക്കാലത്തെ ഭരണത്തിണ്റ്റെ വിലയിരുത്തലാണെന്നതാണ്‌. ഇത്‌ ജനങ്ങള്‍ ഗൌരവമായി എടുക്കണം. ഈ ഭരണം ഇവിടത്തെ ജനജീവിതത്തെ നേരിട്ട്‌ ബാധിക്കുന്ന കാര്യമാണ്‌. വികസനത്തിണ്റ്റെ മുരടിപ്പ്‌, അഴിമതി, നിയമവാഴ്ചയുടെ തകര്‍ച്ച തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം രാഷ്ട്രീയരംഗത്തുള്ളവരാണ്‌ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടത്‌. മൌലികമായി എല്ലാവരും കണക്കിലെടുക്കേണ്ട രണ്ടുകാര്യങ്ങള്‍ മതസ്വാതന്ത്യ്രത്തേയും ജനാധിപത്യസംരക്ഷണത്തേയും അടിസ്ഥാനമാക്കിയുള്ളതാണന്നു മാത്രം ഇവിടെ ചൂണ്ടികാണിക്കുവാന്‍ ആഗ്രഹിക്കുന്നു. 


മതസ്വാതന്ത്യ്രം എങ്ങനെ സംരക്ഷിക്കപ്പെടുന്നു? 


നമ്മുടെ നാടിണ്റ്റെ ഭരണഘടനയില്‍ മതസ്വാതന്ത്യ്രത്തിന്‌ വലിയ പ്രാധാന്യമാണ്‌ നല്‍കിയിട്ടുള്ളത്‌. മതവിശ്വാസത്തിനും ആചരണത്തിനും പ്രചാരണത്തിനുമുള്ള സ്വാതന്ത്യ്രമാണ്‌ അത്‌ വിഭാവന ചെയ്യുന്നത്‌. അതിണ്റ്റെ ൨൬-ാം വകുപ്പില്‍ മതപരവും ധര്‍മ്മപരവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി സ്ഥാപനങ്ങള്‍നടത്താനുള്ള അവകാശം മൌലികാവകാശമായി ചേര്‍ത്തിട്ടുണ്ട്‌. അതിനുശേഷം സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍ പ്രഖ്യാപിക്കുന്നിടത്താണ്‌ ഏറെ ചര്‍ച്ചാവിഷയമായ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്വാതന്ത്യ്രം. മൌലിക അവകാശമായി സംരക്ഷിക്കാനുള്ള വ്യവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇത്്‌ മതസ്വാതന്ത്യ്രത്തിണ്റ്റെ അവിഭാജ്യമായ ഭാഗമാണ.്‌ ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നതുവഴി മതപരമായ സംസ്കാരം സംരക്ഷിക്കുകയും കൈമാറുകയും ചെയ്യാനുള്ള ന്യൂനപക്ഷത്തിണ്റ്റെ അവകാശമാണല്ലോ പരിരക്ഷിക്കപ്പെടുന്നത്‌. 


ഈ മൌലികാവകാശത്തിന്‍മേല്‍ കഴിഞ്ഞ രണ്ടുമൂന്ന്‌ വര്‍ഷങ്ങളായി കേരളത്തില്‍ നടന്ന ബുദ്ധിശൂന്യമായ കയ്യേറ്റങ്ങള്‍ ഈ അവസരത്തില്‍ ഓര്‍മ്മിക്കാതിരിക്കുന്നത്‌ മൌഢ്യമായിരിക്കും. സ്വാശ്രയസ്ഥാപനങ്ങള്‍ക്ക്‌ ന്യൂനപക്ഷാവകാശം പാടേ നിഷേധിക്കുകയും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ മറ്റുളളവരുടെ ഫീസുകൂടി നല്‍കണമെന്ന വിചിത്രമായ വ്യവസ്ഥയും വച്ചു. സ്വാശ്രയ സ്ഥാപനങ്ങളില്‍ വയ്ക്കുന്ന നിയന്ത്രണം കൂടുതല്‍ ശക്തമായി എയ്ഡഡ്‌ മേഖലയിലും കൊണ്ടുവരികയായിരുന്നു അവരുടെ ലക്ഷ്യം. പിന്നീടിങ്ങോട്ട്‌ കെഇആര്‍ പരിഷ്ക്കരണത്തിലൂടെ അദ്ധ്യാ പകനിയമനം കയ്യിലെടുക്കാനും പഞ്ചായത്തുകള്‍ക്ക്‌ സ്വകാര്യ വിദ്യാഭ്യാസമേഖലയില്‍ കടന്നുകയറാനുമുള്ള തയ്യാറെടുപ്പ്‌ നടത്തിയിരിക്കുകയാണ്‌. പാഠപുസ്തകങ്ങളിലൂടെയും അധ്യാപകപരിശീലനത്തിലൂടെയും പ്രത്യയശാസ്ത്രത്തിന്‌ അനുസൃതമായി മനോഭാവങ്ങളെ രൂപപ്പെടുത്താനുള്ള തീവ്രശ്രമം പിന്നീട്‌ അരങ്ങേറി. ഇതിനോട്‌ ചേര്‍ത്താണ്‌ സഭാധ്യക്ഷന്‍മാരെയും സാമുദായിക നേതാക്കളെയും വിദ്യാഭ്യാസകച്ചവടക്കാരാക്കി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പരിപാടി തുടങ്ങിയത്‌. അത്‌ സി ഡി പ്രസിദ്ധീകരണം വരെ എത്തിനില്‍ക്കുകയാണ്‌. സ്വന്തം അദ്ധ്യാപകയൂണിയനുകളും കുട്ടിസംഘടനകളും നമ്മുടെ വിദ്യാലയത്തിനുള്ളില്‍ കടന്ന്‌ കയ്യാങ്കളി നടത്തുന്ന രംഗങ്ങളും ജനം കാണുകയുണ്ടായി. അണ്‍എയിഡഡ്‌ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ കേന്ദ്രഗവണ്‍മെണ്റ്റ്‌ അനുവദിച്ച സ്കോളര്‍ഷിപ്പ്‌ വെട്ടിക്കുറച്ചതും ന്യൂനപക്ഷങ്ങളോട്‌ (അവര്‍ക്കാണ്‌ കൂടുതല്‍ വിദ്യാലയങ്ങള്‍) പ്രതികാരം കാട്ടുന്ന കാര്യവും അന്വേഷിക്കേണ്ടതാണ്‌. 


ഇതിനെല്ലാം പുറമെയാണ്‌ ചില വിദ്യാലയങ്ങളെ തിരഞ്ഞുപിടിച്ച്‌ പീഡിപ്പിച്ച്‌ ന്യുനപക്ഷാവകാശങ്ങള്‍ അടിയറവയ്പ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്‌. പുതിയകോഴ്സുകള്‍ നല്‍കാതിരിക്കുക, അധ്യാപകനിയമനം തടസ്സപ്പെടുത്തുക, പ്രിന്‍സിപ്പല്‍ നിയമനം അംഗീകരിക്കാതിരിക്കുക തുടങ്ങിയ പ്രതികാര നടപടികള്‍ തുടരുകയാണ്‌. പാര്‍ട്ടിക്കാരുടെ യൂണിയനുകളില്‍ ചേര്‍ന്നാലേ ഓരോകാര്യങ്ങള്‍ നടത്താനാകൂ എന്നാണ്‌ അദ്ധ്യാപകര്‍ മിക്കയിടങ്ങളിലും പറയുന്നത്‌. പാര്‍ട്ടി അനുഭാവികളായ ചില ഉദ്യോഗസ്ഥര്‍ സ്വകാര്യ വിദ്യാലയങ്ങളെ നിരന്തരം വല്ലാതെ അലട്ടുകയാണ്‌, പല കാര്യങ്ങളിലും. 


നിയമപരിഷ്കരണബില്ലുകളാകുന്ന പടവാള്‍ ഇപ്പോള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണല്ലോ. ധാര്‍മ്മികതയെ ശിഥിലമാക്കാന്‍ തികച്ചും പര്യാപ്തമായ നിയമങ്ങള്‍ അക്കൂട്ടത്തിലുണ്ട്‌. മാത്രമല്ല ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തിനും സഭയുടെ സ്വഭാവത്തിനും നിരക്കാത്ത സ്വത്തുനിയന്ത്രണ നിയമനിര്‍ദ്ദേശം സഭയെ ചൊല്‍പ്പടിക്കുനിര്‍ത്താനുള്ള ഉപാധി മാത്രമാണ്‌. ഫലത്തില്‍ ചൈനയിലേതു പോലെയാകും ഇവിടത്തെ മതസ്വാതന്ത്യ്രവും! 


 ഇതെല്ലാം കഴിഞ്ഞ്‌ ഇപ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ഒറീസയില്‍ വലിയ സേവനം നടത്തിയെന്നുപറഞ്ഞ്‌ ഇവിടെയുള്ളവരെ തെറ്റിദ്ധരിപ്പിക്കുവാന്‍ നടത്തുന്ന ശ്രമം ഒട്ടും വിലപ്പോകില്ല. ഇവിടെനിന്ന്‌ ചില പാര്‍ട്ടിക്കാര്‍ ഒറീസയില്‍പോയി പ്രസ്താവനയിറക്കിയത്‌ എന്ത്‌ വലിയ കാര്യമാണ്‌? അവിടെ ഇക്കൂട്ടര്‍-രണ്ടോ മൂന്നോ പേര്‍ മാത്രമായിരുന്നെങ്കിലും-അന്ന്‌ പ്രതിപക്ഷത്തായിരുന്നല്ലോ. അതുകൊണ്ട്‌ ഇങ്ങനെയുള്ള അവസരങ്ങള്‍ മുതലെടുക്കുക സ്വാഭാവികം. പക്ഷേ അന്ന്‌ അധികാരത്തിലിരുന്നവര്‍ ഇന്നും അവിടെ തുടരുമ്പോള്‍ അവര്‍ക്ക്‌ പിന്തുണ നല്‍കുന്ന തന്ത്രത്തെക്കുറിച്ച്‌ എന്തുപറയാന്‍? ഏതാനും ആളുകള്‍ അവിടെ പാര്‍ട്ടിഓഫീസില്‍ പാട്ടുപാടുകയും പ്രാര്‍ത്ഥന ഉരുവിടുകയും ചെയ്യുന്നത്‌ പാര്‍ട്ടിചാനലില്‍ പല പ്രാവശ്യം ആവര്‍ത്തിക്കുമ്പോള്‍ അതില്‍ സംശയിക്കുന്നവരുണ്ട്‌. ഈ തന്ത്രങ്ങള്‍കൊണ്ടൊന്നും ഇവിടെ നടത്തുന്ന കയ്യേറ്റങ്ങള്‍ മറയ്ക്കുവാന്‍ പറ്റില്ല. ഇവിടെ ക്രൈസ്തവര്‍ ഇത്രത്തോളം അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത മറ്റൊരു കാലഘട്ടം ഓര്‍മ്മയിലില്ല. 


ജനാധിപത്യം അപകടത്തില്‍ 


ഒന്നുകൂടി പറയട്ടെ, ഇവിടത്തെ ജനാധിപത്യ വ്യവസ്ഥിതിയുടെ തകര്‍ച്ചകണ്ട്‌ നിശ്ശബ്ദത പാലിക്കുന്നത്‌ അപകടകരമാണ്‌. ചില വര്‍ഗ്ഗീയവാദികളും പ്രത്യയശാസ്ത്രക്കാരും കൂടിച്ചേര്‍ന്ന്‌ ഇവിടെ അക്രമപ്രവര്‍ത്തനങ്ങള്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്‌. അക്രമപ്രവണതയും ഭീകരവാദവുമെല്ലാം ജനാധിപത്യത്തെ തച്ചുടയ്ക്കുന്നതാണ്‌. പ്രാദേശികതലങ്ങളില്‍ രാഷ്ട്രിയക്കാരുടെ നേതൃത്വത്തില്‍ ഗുണ്ടായിസവും 'ക്വട്ടേഷന്‍' സംഘങ്ങളുടെ അഴിഞ്ഞാട്ടവും നടക്കുന്നു. ചിലകക്ഷികള്‍ എപ്പോഴും അക്രമികളേയും കുറ്റവാളികളേയും സംരക്ഷിക്കുന്നതായി പരാതിയുണ്ട്‌. പലപ്പോഴും കുറ്റവാളികളെ പിടികൂടാതെയും കേസെടുക്കാതെയും സംരക്ഷിക്കുന്ന അനുഭവങ്ങളുമുണ്ട്‌. പോരെങ്കില്‍ ചില സംഘടനക്കാര്‍ പൊലീസ്സ്റ്റേഷനുകളും ജയിലുകളും കയ്യേറി ആളുകളെ മോചിപ്പിക്കുന്ന അനുഭവവും ഉണ്ടല്ലോ. രാഷ്ട്രീയക്കാരുടെ അനുവാദത്തോടുകൂടിമാത്രമേ വണ്ടികളില്‍നിന്ന്‌ ചരക്ക്‌ ഇറക്കാവൂ, കൊയ്ത്ത്‌ മെതിയന്ത്രങ്ങള്‍ കൊണ്ടുവരാവൂ, റോഡുവെട്ടാവൂ, കൊയ്ത്തുകാരെ കൊണ്ടുവരാവൂ എന്നൊക്കെയുള്ള പതിവുകള്‍ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും അടിസ്ഥാനസ്വാതന്ത്യ്രം നിഷേധിക്കലാണ്‌. 


നിയമവാഴ്ച തകരുന്നിടത്ത്‌ ജനാധിപത്യം ശിഥിലമാവുകയാണ്‌. കോടതി ഉത്തരവുകള്‍പോലും ചിലകൂട്ടര്‍ അംഗീകരിക്കുന്നില്ല. വിദ്യാഭ്യാസരംഗത്ത്‌ ഇത്‌ പതിവായിട്ടുണ്ട്‌. നിയമനങ്ങള്‍ക്ക്‌ അംഗീകാരം നല്‍കണമെന്ന്‌ കോടതി ആവശ്യപ്പെട്ടാല്‍പോലും അനാവശ്യമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച്‌ അംഗീകാരം നല്‍കാതിരിക്കുക, പിന്നീട്‌ കോടതിയലക്ഷ്യത്തിന്‌ കേസിനു പോയാല്‍ തടസ്സങ്ങള്‍ ഉന്നയിച്ച്‌ കേസുകള്‍ നീട്ടിക്കൊണ്ട്‌ പോവുക എന്നിവയെല്ലാം ഇന്ന്‌ പതിവായിരിക്കുന്നു. 


തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ വര്‍ദ്ധിച്ച കയ്യാങ്കളി നടക്കുമെന്ന ഭീതിയിലാണ്‌ പലയിടത്തും ജനാധിപത്യ വിശ്വാസികള്‍. തങ്ങള്‍ക്കെതിരാകുമെന്ന്‌ കരുതുന്നവരുടെ പേരുകള്‍ ലിസ്റ്റില്‍നിന്ന്‌ വെട്ടിമാറ്റുക ആദ്യപടിയാണെന്നു പറഞ്ഞല്ലോ. അതുപോലെ, കള്ളവോട്ട്‌ നടത്തുക, അതിനു സഹായകമാകുന്ന രീതിയില്‍ പോലീസുകാരെയും ഉദ്യോഗസ്ഥരെയും വിന്യസിപ്പിക്കുക തുടങ്ങിയ തന്ത്രങ്ങള്‍ ധാരാളമായി ചില സ്ഥലങ്ങളില്‍ നടപ്പിലാക്കുന്നുവെന്നും പണ്ടേ വ്യാപകമായ പരാതിയുമുണ്ട്‌. 


ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍! 


ഇതെല്ലാം മറന്നുകൊണ്ട്‌ ഈ ഘട്ടത്തില്‍ ഇവിടെ ജനങ്ങള്‍ നിലപാടുകളെടുത്താല്‍ പിന്നീട്‌ ദു:ഖിക്കേണ്ടി വരും. കപടനാട്യങ്ങള്‍ കണ്ട്‌ യാഥാര്‍ത്ഥ്യങ്ങള്‍ മറന്നാല്‍ അതിന്‌ വലിയ വില കൊടുക്കേണ്ടിവരുകയും ചെയ്യും. നിസ്സംഗതയും നിഷ്പക്ഷതയും ഇങ്ങനെയൊരവസരത്തില്‍ ആത്മഹത്യാപരമാണന്നു പറയേണ്ടതില്ലല്ലോ.

3 comments:

  1. It is a very nice article. Every one must read it. It sheds light in to present apparent danger in the field of politics and power.

    ReplyDelete
  2. Benny ThadathilkunnelNovember 14, 2010 at 10:59 PM

    It is an excellent Article. I really appreciate the courage and truthfulness of Bishop
    Mar Joseph Powathil . We need more bishops like him. It is an eye opener and I hope and pray that every one will read it and understand the realities and act according to it.

    ReplyDelete