Thursday, November 4, 2010

പൌരോഹിത്യ ആദ്ധ്യാത്മികത: ധ്യാനചിന്തകള്‍

പുരോഹിതന്‍: ദൈവത്തെ മഹത്വപ്പെടുത്തുന്നവന്‍

"ഇത്രയും പറഞ്ഞതിനുശേഷം ഈശോ സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു: പിതാവേ, സമയമായിരിക്കുന്നു; പുത്രന്‍ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന്‌ പുത്രനെ അങ്ങ്‌ മഹത്വപ്പെടുത്തേണമേ" (വാക്യം 1). 

ഈശോയുടെ ജീവിതം മുഴുവന്‍ ദൈവത്തെ മഹത്വപ്പെടുത്തുന്ന ജീവിതമായിരുന്നു. ആ ജീവിതം അതിണ്റ്റെ പൂര്‍ത്തീകരണത്തിലേക്കു നീങ്ങുകയാണ്‌. പൂര്‍ത്തീകരണം സംഭവിക്കുന്നത്‌ അവിടുത്തെ പീഡാനുഭവ, മരണ, ഉത്ഥാനങ്ങളിലൂടെയാണ്‌. അതിനെയാണ്‌ തണ്റ്റെ മഹത്വീകരണമെന്ന്‌ ഈശോ ഇവിടെ വിശേഷിപ്പിക്കുന്നത്‌. ഈശോയുടെ പീഡാനുഭവ, മരണ, ഉത്ഥാനങ്ങളെ 'മഹത്വീകരണം' എന്നു
വിശേഷിപ്പിക്കുന്നത്‌, അവയിലൂടെ അവിടുന്ന്‌ തണ്റ്റെ ദൈവികമായ മഹത്വത്തിലേക്കു വീണ്ടും പ്രവേശിക്കുന്നതുകൊണ്ടാണ്‌. ആ മഹത്വം മാറ്റി വച്ചാണല്ലോ അവിടുന്ന്‌ മനുഷ്യനായി പിറന്നത്‌. ആ മഹത്വം വീണ്ടും നല്‍കണമേ എന്ന്‌ ഈശോ പ്രാര്‍ത്ഥിക്കുന്നുണ്ട്‌ (വാക്യം 5). 

ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടുള്ള ഈശോയുടെ ജീവിതത്തിണ്റ്റെ പൂര്‍ത്തീകരണമായിരുന്നു അവിടുത്തെ പീഡാനുഭവവും മരണവും ഉത്ഥാനവും. എങ്ങനെയാണ്‌ ഈശോ തണ്റ്റെ ജീവിതത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തിയത്‌ എന്നും ഇവിടെ സൂചനയുണ്ട്‌: "അവിടുന്ന്‌ എന്നെ ഏല്‍പിച്ച ജോലി പൂര്‍ത്തിയാക്കിക്കൊണ്ട്‌ ഭൂമിയില്‍ അവിടുത്തെ ഞാന്‍ മഹത്വപ്പെടുത്തി" (വാക്യം 4). ദൈവഹിതം നിര്‍വ്വഹിച്ചുകൊണ്ടാണ്‌ ദൈവത്തെ മഹത്വപ്പെടുത്തേണ്ടത്‌. ഈശോ പഠിപ്പിച്ച കര്‍തൃപ്രാര്‍ത്ഥനയിലും ഈ സൂചനയുണ്ടല്ലോ. "നിണ്റ്റെ നാമം മഹത്വീകരിക്കപ്പെടട്ടെ" എന്നതിനെ തുടര്‍ന്നു ചൊല്ലുന്നത്‌ "നിണ്റ്റെ രാജ്യം വരണം" "നിണ്റ്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണം" എന്നാണല്ലോ. ദൈവഹിതമനുസരിച്ചും ദൈവഭരണത്തിനു വിധേയപ്പെട്ടും മനുഷ്യന്‍ ജീവിക്കുമ്പോഴാണ്‌ ദൈവം മഹത്വപ്പെടുന്നത്‌. ഈശോയുടെ ജീവിതം മുഴുവന്‍ അങ്ങനെയുള്ള ഒരു ജീവിതമായിരുന്നു: "എന്നെ അയച്ചവണ്റ്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവണ്റ്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ്‌ എണ്റ്റെ ഭക്ഷണം" (യോഹ 4,34). പീഡാനുഭവ, മരണ, ഉത്ഥാനങ്ങളിലൂടെ മഹത്വീകരിക്കപ്പെട്ട്‌ ഈ ജോലി പൂര്‍ത്തിയാക്കുന്ന സമയം വന്നപ്പോള്‍, 'ആ മണിക്കൂറില്‍നിന്നും രക്ഷിക്കണമേ' എന്നു പ്രാര്‍ത്ഥിച്ചെങ്കിലും ഉടനെ അതിനു തിരുത്തല്‍ വരുത്തി "അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ" (യോഹ 12,27-28) എന്ന്‌ അവിടുന്ന്‌ പ്രാര്‍ത്ഥിച്ചു. ഒരോ പുരോഹിതനും ഈശോയുടെ ഈ ജീവിതശൈലിയാണ്‌ സ്വന്തമാക്കേണ്ടത്‌. സഭയിലൂടെ ദൈവഹിതം തിരിച്ചറിഞ്ഞ്‌, സഭയിലൂടെ ദൈവം ഏല്‍പിക്കുന്ന ജോലി വിശ്വസ്തതയോടുകൂടി പൂര്‍ത്തിയാക്കിക്കൊണ്ട്‌, ഓരോ പുരോഹിതനും ദൈവത്തെ മഹത്വപ്പെടുത്തുന്ന ജീവിതം നയിക്കണം.


ഫാ. മാത്യു വെള്ളാനിക്കല്‍

No comments:

Post a Comment