Thursday, November 18, 2010

കേരളമോഡല്‍ പീഡനം

Mar Joseph Powathil (courtesy to Vimala Books)
ക്രൈസ്തവര്‍ക്കെതിരെ മതപീഡനങ്ങള്‍ പല രീതിയിലാണ്‌ ചരിത്രത്തില്‍ അരങ്ങേറിയിട്ടുള്ളത്‌ എന്നു നമുക്കറിയാം. പുരാതന റോമന്‍ സാമ്രാജ്യത്തില്‍ നീറോയും ഡയോക്ളീഷ്യനുമെല്ലാം ക്രൈസ്തവരുടെ സമ്പൂര്‍ണ്ണ ഉന്‍മൂലനമാണാഗ്രഹിച്ചത്‌.
ക്രൈസ്തവരാണെന്നതുകൊണ്ടുമാത്രം ആരും വധശിക്ഷയ്ക്കു അര്‍ഹരാകുമായിരുന്നു. നാസികള്‍ ഏതാണ്ട്‌ വംശീയാടിസ്ഥാനത്തില്‍ ക്രൈസ്തവരെ പീഡിപ്പിക്കുകയും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തു. റഷ്യയിലും ആശ്രിതരാജ്യങ്ങളിലും ദുരാരോപണങ്ങള്‍ ചുമത്തി ക്രൈസ്തവരെ തടങ്കിലിലാക്കുകയോ വധിക്കുകയോ ചെയ്തു. സ്വത്തുക്കളും സ്ഥാപനങ്ങളും കണ്ടുകെട്ടുകയും ചെയ്തു. മധ്യപൂര്‍വ്വദേശത്തു പല രാജ്യങ്ങളിലും മതസ്വാതന്ത്യ്രത്തിണ്റ്റെ അവകാശങ്ങള്‍ പല രീതിയില്‍ നിഷേധിക്കപ്പെടുന്നു. അവിടെ മതഗ്രന്ഥങ്ങള്‍ ഉപയോഗിക്കാനോ ആരാധനാശുശ്രൂഷകള്‍ നിര്‍വ്വഹിക്കാനോ, ദൈവാലയങ്ങള്‍ സ്ഥാപിക്കാനോ അവകാശമില്ല. അതും മറ്റൊരുതരം നീതി നിഷേധവും പീഡനവുമാണ്‌. ചൈനയില്‍ ഒരു വിഭാഗം ക്രൈസ്തവരെ പരിമിതമായ ആനുകൂല്യങ്ങള്‍ നല്‍കി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുകയും അവരെ ദേശഭക്തരായി പ്രതിഷ്ഠിക്കുകയും അതോടൊപ്പം തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്ത മറ്റേ വിഭാഗത്തെ നിരോധിക്കുകയും ചെയ്യുന്നു. ചില പാശ്ചാ ത്യ രാജ്യങ്ങളില്‍ കടുത്ത ഭൌതികവാദികളും മതവിരുദ്ധരും സഭയെ നിരന്തരം ആക്ഷേപിക്കുകയും ദുഷ്പ്രചാരണം നടത്തുകയും ചെയ്തു ബലഹീനമാക്കാന്‍ ശ്രമിക്കുന്നു. ഇതും പീഡനത്തിണ്റ്റെ വേറൊരു മുഖമാണല്ലോ.


പലപ്പോഴും ദുഷ്പ്രചാരണങ്ങള്‍നടത്തി കുറ്റവാളികളെന്നു മുദ്രകുത്തിയാണ്‌ ക്രൈസ്തവരെ കാരാഗൃഹത്തിലാക്കുകയും വധിക്കുകയും ചെയ്തിട്ടുള്ളത്‌. നീറോ ചക്രവര്‍ത്തിയും സ്റ്റാലിനും ഇതേ മാര്‍ഗ്ഗമാണുപയോഗിച്ചത്‌. ചൈനയിലും റഷ്യയിലും മതകാര്യങ്ങള്‍ അന്വേഷിക്കുന്ന ഡിപ്പാര്‍ട്ടുമെണ്റ്റുകളും മന്ത്രിമാരും ഉണ്ടായിരുന്നു. കേട്ടാല്‍തോന്നും ഇവരെല്ലാം മതവിഭാഗങ്ങളുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന്‌!! കേരളത്തിലും ന്യൂനപക്ഷസംരക്ഷകര്‍ തങ്ങളാണെന്ന്‌ വിളിച്ചുപറയുന്നവരാണല്ലോ ക്രൈസ്തവരെ ദ്രോഹിക്കുന്നത്‌. 


കേരളത്തില്‍ ഒരു വ്യത്യാസമുള്ളത്‌, ഇത്‌ ഇന്ത്യാ മഹാരാജ്യത്തിണ്റ്റെ ഭാഗമാണെന്നും ഇവിടെ ശക്തമായ ഒരു ജനാധിപത്യവ്യവസ്ഥിതിയും ഭരണഘടനയുമുണ്ടെന്നുള്ളതുമാണ്‌. പ്രത്യയശാസ്ത്രക്കാര്‍ക്ക്‌ ഈ ഭരണഘടന ഒരു പ്രതിബന്ധമാണെന്നറിയാം. അതുകൊണ്ടാണ്‌ വഴിതെറ്റിയ നിയമനിര്‍മ്മാണംവഴിയും ദുഷ്പ്രചാരണംവഴിയും രാഷ്ട്രീയക്കളികള്‍കളിച്ചും ക്രൈസ്തവരുടെ ന്യായമായ അവകാശങ്ങള്‍ കയ്യേറാന്‍ അവര്‍ ശ്രമിക്കുന്നത്‌. അതാഗ്രഹിക്കുന്നരീതിയില്‍ നടപ്പിലാക്കുവാന്‍ പറ്റാത്തതുകൊണ്ടാണ്‌ വിയോജിച്ചു സംസാരിക്കുന്നവരോടു കടുത്ത രോഷവും ശത്രുതയും പുലര്‍ത്തുന്നത്‌. 


ചില തലങ്ങളില്‍ നടക്കുന്ന പീഡനങ്ങള്‍ ഒരുമിച്ചു കാണുന്നത്‌ നല്ലതായിരിക്കും. 


സ്വാശ്രയരംഗത്ത്‌


സ്വാശ്രയകോളേജുതലത്തില്‍ ക്രൈസ്തവസ്ഥാപനങ്ങള്‍ക്കൊന്നും ന്യൂനപക്ഷസംരക്ഷണം ലഭിക്കാത്ത വിധത്തിലുള്ള നിയമനിര്‍മ്മാണം അസാധാരണമായ വേഗത്തില്‍, രീതിയില്‍ നടത്തി. മതന്യൂനപക്ഷങ്ങളുടെ മതപരവും ധാര്‍മ്മികവുമായ സാംസ്കാരികപൈതൃകം സംരക്ഷിക്കണമെന്നുതന്നെ കരുതി ഭരണഘടനവച്ച ക്രമീകരണമാണ്‌ ന്യൂനപക്ഷസംരക്ഷണവ്യവസ്ഥ. അതിനെ അട്ടിമറിക്കാനാണ്‌ പുതിയ സര്‍ക്കാര്‍ ശ്രമിച്ചത്‌. കോടതി ഇടപെട്ടതുകൊണ്ട്‌ ആ നിയമം നടപ്പിലാക്കാന്‍ സാധിക്കാത്തതിണ്റ്റെ വിഷമത്തിലാണ്‌ സര്‍ക്കാര്‍. അതിനു പ്രതികാരമായിട്ടാണ്‌ ഏറ്റവും നിസ്സാരമായ കാര്യങ്ങള്‍ക്കുപോലും ന്യുനപക്ഷാവകാശ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യപ്പെടുകയും അതിനുവേണ്ടി കേസുകൊടുത്തു വിധി സമ്പാദിക്കുവാന്‍ ഇടയാക്കുകയും ചെയ്യുന്നത്‌. ക്രൈസ്തവര്‍ അവരുടെ നിലനില്‍പ്പിനുള്ള ഉപാധിയായിട്ടാണ്‌ ന്യൂനപക്ഷാവകാശത്തെ കാണുന്നത്‌. അതുകൊണ്ടുതന്നെ ആ അവകാശം നിഷേധിക്കുന്നത്‌ എങ്ങനെയാണ്‌ ന്യൂനപക്ഷസംരക്ഷണമാകുന്നത്‌? അതുപോലെതന്നെ ലോകത്ത്‌ ഒരിടത്തും നടപ്പില്ലാത്ത രീതിയില്‍ വിദ്യാര്‍ത്ഥിപ്രവേശനത്തിന്‌ 50-50 എന്നൊരു വിഭജനവും, അതില്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സമ്പത്തും മാര്‍ക്കുമുള്ള കുട്ടികളുടെ ഫീസുകൂടി നല്‍കണമെന്ന വ്യവസ്ഥയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്‌. അതിനു സമ്മതിക്കാത്തവരെ കൊള്ളക്കാരെന്നും കവര്‍ച്ചക്കാരെന്നും പറഞ്ഞ്‌ ആക്ഷേപിക്കുകയും, കുട്ടിസംഘടനകളെക്കൊണ്ട്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക പതിവായിരിക്കുന്നു. 


സ്വാശ്രയരംഗത്തു വന്നിട്ടുള്ള ക്രൈസ്തവ മാനേജുമെണ്റ്റുകളെ ഓരോന്നായി വേര്‍തിരിച്ചു പീഡിപ്പിക്കുന്ന രീതി തുടങ്ങിയിരിക്കുകയാണ്‌. സെനറ്റും സിന്‍ഡിക്കേറ്റുമെല്ലാം കൈയിലൊതുക്കിയും തങ്ങളുടെ വരുതിക്കു നില്‍ക്കുന്ന കമ്മീഷനെ മേല്‍നോട്ടത്തിനേല്‍പ്പിച്ചു വിദ്യാഭ്യാസവകുപ്പ്‌ നിരന്തരമായി കലാലയങ്ങളെ ശല്യംചെയ്യുകയാണ്‌. തൃശൂറ്‍ അമല, ജൂബിലി മെഡിക്കല്‍ കോളേജുകള്‍, ഇരിങ്ങാലക്കുട എഞ്ചിനീയറിങ്ങ്‌ കോളേജ്‌ എന്നിവയ്ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ ഇതിനുദാഹരണമാണ്‌. അഫിലിയേഷന്‍ റദ്ദുചെയ്തും പരീക്ഷാനടത്തിപ്പ്‌ തടസ്സപ്പെടുത്തിയും വിദ്യാര്‍ത്ഥികളേയും മാതാപിതാക്കളെയുമെല്ലാം ആ സ്ഥാപനങ്ങള്‍ക്കെതിരാക്കാനുള്ള തീവ്രശ്രമത്തിലാണ്‌ യൂണിവേഴ്സിറ്റി. പരീക്ഷ നടത്താനും മാര്‍ക്കുലിസ്റ്റു കൊടുക്കാനും കോടതിവിധി സമ്പാദിച്ചാലും അതു നല്‍കാതെ, ഓരോ തടസ്സങ്ങള്‍ പറഞ്ഞ്‌ കാര്യങ്ങള്‍ നടപ്പിലാക്കാതെ ശ്വാസംമുട്ടിക്കാനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌. ഇതിനെതിരെ കോടതിയലക്ഷ്യവിധിവന്നാലും തങ്ങള്‍ക്കൊന്നും വരാനില്ല, ഇതു പലതും നമ്മള്‍ കണ്ടതാണ്‌ എന്ന്‌ ഭരണക്കാര്‍തന്നെ പറഞ്ഞതായിട്ടാണ്‌ ജനസംസാരം. പീഡനത്തിനു വിധേയമായി ക്ളേശിക്കുന്ന കോളേജധികാരികള്‍ രാഷ്ട്രീയക്കാരെ സമീപിക്കുമ്പോള്‍ അവര്‍ ഉപദേശിക്കുന്നത്‌ നിങ്ങള്‍ ഗവണ്‍മെണ്റ്റ്‌ പറയുന്നത്‌ സമ്മതിക്കുക, ഞങ്ങള്‍ എല്ലാം ശരിയാക്കാം എന്നാണ്‌. എന്തൊരു ജനാധിപത്യബോധം!! എന്തൊരു നീതിബോധം!! സര്‍ക്കാരിണ്റ്റെ പണവും അധികാരവും ഉപകരണമാക്കി ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നത്‌ കടുത്ത അന്യായമാണെന്ന്‌ സുപ്രീംകോടതി, അഹമ്മദാബാദ്‌ സെണ്റ്റ്‌ സേവ്യേഴ്സ്‌ കോളേജുകേസില്‍ ശക്തമായി പറഞ്ഞിട്ടുള്ളതാണ്‌. ക്രൈസ്തവകോളേജുകളോടു നിരന്തരം ചിറ്റമ്മനയമാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. പുതിയ കോഴ്സുകള്‍ അനുവദിക്കില്ല, പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ കോഴ്സുകളുമില്ല, മെഡിക്കല്‍ കോളേജുകളില്‍ പോസ്റ്റുമാര്‍ട്ടം നടത്തി പരിശീലിക്കുവാന്‍ സമ്മതിക്കില്ല... എന്തെല്ലാം വിവേചനങ്ങള്‍ എന്ന്‌ എണ്ണിപ്പറയാന്‍ പ്രയാസമാണ്‌.


എയ്ഡഡ്‌ കോളേജുകള്‍


എയ്ഡഡ്‌ കോളേജുകളും ഇതുപോലെതന്നെ പീഡനത്തിനു വിധേയമാണ്‌. ൧൭ കോളേജുകളിലാണ്‌ പ്രിന്‍സിപ്പല്‍ നിയമനം തടസ്സപ്പെടുത്തിയിരിക്കുന്നത്‌!! ചില കേസുകളില്‍ കോടതിവിധി ഉണ്ടായിട്ടുപോലും ഓരോ ന്യായങ്ങള്‍ ഉന്നയിച്ചു നിയമനം തടസ്സപ്പെടുത്തി അസ്വസ്ഥത സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നു. പുതിയ കോഴ്സുകളൊന്നുംതന്നെ അനുവദിക്കാതെ കലാലയങ്ങളുടെ വളര്‍ച്ച പാടേ തടസ്സപ്പെടുത്തുന്നു. അദ്ധ്യാപകനിയമനം നടത്താതെ ഏതാണ്ട്‌ ആയിരത്തിലധികം തസ്തികകളില്‍ 'ഗസ്റ്റുലക്ചറന്‍മാരെ' വച്ചാണ്‌ പഠിപ്പിക്കുന്നത്‌. സര്‍ക്കാര്‍ കോളേജുകളില്‍ ലാസ്റ്റുഗ്രേഡു ജീവനക്കാരെ ആവശ്യത്തിന്‌ നിയമിക്കുമ്പോള്‍ എയ്ഡഡ്‌ കോളേജുകളില്‍ അവരെ കുറച്ചിരിക്കുകയാണ്‌. കോടതിവിധി ഉണ്ടായിട്ടും ഓട്ടോണമസ്‌ കോളേജുകളനുവദിച്ച്‌ സ്വാതന്ത്യ്രം നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമല്ല. എം.ജി. യൂണിവേഴ്സിറ്റി അപ്രായോഗികമായ വ്യവസ്ഥകള്‍വച്ച്‌ ഓട്ടോണമസ്കോളേജുകള്‍ അനുവദിക്കും എന്ന തെറ്റായധാരണ പ്രചരിപ്പിക്കുന്നു എന്നു മാത്രം. 


ഇതിനെല്ലാം പുറമെ സ്വാശ്രയകോളേജുകള്‍ക്കെതിരായി പാര്‍ട്ടിക്കാര്‍ നിരന്തരമായ ദുഷ്പ്രചാരണങ്ങള്‍ നടത്തുകയാണ്‌. ന്യായമായ കാരണങ്ങള്‍കൊണ്ട്‌ അദ്ധ്യാപകര്‍ക്കെതിരായി ശിക്ഷണനടപടികള്‍ നടത്തിയാല്‍ കലാലയങ്ങളെ പോര്‍ക്കളമാക്കുന്നു. സെണ്റ്റ്‌ ആല്‍ബര്‍ട്ട്സ്‌ കോളേജ്‌ സംഭവം ഇതിനൊരുദാഹരണമാണ്‌. അതിണ്റ്റെ പേരില്‍ കോളേജു പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തല്ലോ. 


എയ്ഡഡ്‌ കോളേജുകളിലെ അദ്ധ്യാപകരുടെ നിയമനം അംഗീകരിച്ചാലും, ശമ്പളവും മറ്റും കിട്ടണമെങ്കില്‍ പാര്‍ട്ടിക്കാരുടേയും പാര്‍ട്ടിവക അദ്ധ്യാപകസംഘടനയുടേയും പിന്നാലെ നടന്ന്‌ അവരെ പ്രീതിപ്പെടുത്തണം!! എല്ലാം പാര്‍ട്ടിയുടെ പിടിയിലാക്കാനുള്ള ശ്രമമാണ്‌ ഇന്ന്‌ വിദ്യാഭ്യാസരംഗത്ത്‌ ഏറ്റവും ശക്തമായി കാണുന്നത്‌. കോളേജുകളില്‍ നടത്താനുദ്ദേശിക്കുന്ന 'ക്ളസ്റ്റര്‍' സമ്പ്രദായവും ഈ ആഗ്രഹമാണ്‌ പ്രകടമാക്കുക. നമ്മുടെ വിദ്യാലയങ്ങളുടെ നിലവാരം തകര്‍ക്കാനും അവയെ രാഷ്ട്രീയവല്‍ക്കരിക്കാനും ഉദ്ദേശിച്ചല്ലേ ഇത്‌ ആരംഭിക്കുന്നത്‌ എന്ന സംശയമാണ്‌ പലരിലുമുള്ളത്‌. അതിനു കളമൊരുക്കുവാന്‍ വേണ്ടിയുള്ള ശ്രമമാണ്‌, എയ്ഡഡ്‌ വിദ്യാലയങ്ങളില്‍ നിലവാരം കുറവാണ്‌, അദ്ധ്യാപകര്‍ തരംതാഴ്ന്നവരാണ്‌ എന്നുള്ള പ്രചാരണം. കൂടുതല്‍ കൈയ്യേറ്റത്തിനുള്ള നീതീകരണം തേടുന്നത്്‌ ഈ ദുരാരോപണത്തിണ്റ്റെ മറവിലാണ്‌. വാസ്തവത്തില്‍ പരീക്ഷാഫലത്തിലും കലാകായികമത്സരങ്ങളിലും കാമ്പസിണ്റ്റെ ഭംഗിയായ ക്രമീകരണത്തിലും ശിക്ഷണബോധത്തിലും നമ്മുടെ വിദ്യാലയങ്ങള്‍തന്നെയാണ്‌ മുന്‍പന്തിയില്‍നില്‍ക്കുന്നതെന്ന്‌ സാധാരണമനുഷ്യര്‍ക്കെല്ലാം അറിയാം. ഇതെല്ലാം മറച്ചുവച്ചുള്ള നുണപ്രചാരണമാണ്‌ ഇന്ന്‌ നടക്കുക.


സ്കൂള്‍ വിദ്യാഭ്യാസരംഗത്ത്‌


സ്കൂള്‍തലത്തിലെ അഭ്യാസങ്ങള്‍ പറഞ്ഞാല്‍ തീരില്ല. എല്ലാ ദിവസവുംതന്നെ പുതിയനീക്കങ്ങളിലാണ്‌ വിദ്യാഭ്യാസവകുപ്പും സര്‍ക്കാരും. ചിലതിനെക്കുറിച്ചു മാത്രം ഇവിടെ പറയട്ടെ. 1.1979-നു ശേഷം വന്ന സ്കൂളുകളില്‍ മറ്റു മാനേജുമെണ്റ്റുകളില്‍ നിന്നും ഒരു സംരക്ഷിത അദ്ധ്യാപക നെ നിയമിക്കണമെന്ന വ്യവസ്ഥ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ പല വിദ്യാലയങ്ങളിലും അദ്ധ്യാപകരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്‌. വിവിധ മാനേജുമെണ്റ്റുകളില്‍ നിന്നുള്ള അദ്ധ്യാപകരെ ഇങ്ങനെ നിയോഗിക്കുന്നത്‌, മാനേജുമെണ്റ്റിണ്റ്റെ അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം നിഷേധിക്കലാണ്‌.  2. ഒരു വര്‍ഷത്തില്‍ കുറഞ്ഞ അവധിക്കാലത്തേയ്ക്കു നിയോഗിക്കുന്ന അദ്ധ്യാപകരെ പ്രതിദിനവേതനത്തിലാണ്‌ നിയമിക്കുക. അവര്‍ക്ക്‌ അദ്ധ്യാപനത്തില്‍ എത്രമാത്രം താല്‍പര്യമാണുണ്ടാവുക!!  3.) അദ്ധ്യാപകപരിശീലനത്തിണ്റ്റെ പേരിലുള്ള ഛടട പദ്ധതിയിലൂടെ പ്രത്യയശാസ്ത്രത്തിനനുസൃതമായി അദ്ധ്യാപകരുടെ മനോഭാവങ്ങള്‍ ക്രമീകരിക്കാനുള്ള ശ്രമമാണ്‌ ഈയിടെയായി നടക്കുന്നത്‌. 4) സ്കൂളുകളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങളെല്ലാം തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണെന്നു പറയാം.  5) ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി  ssa പദ്ധതിപ്രകാരം നല്‍കേണ്ട സ്കോളര്‍ഷിപ്പുകള്‍ ക്രൈസ്തവവിദ്യാര്‍ത്ഥികള്‍ക്കു പല പഞ്ചായത്തുകളും നിഷേധിക്കുകയാണ്‌. അപേക്ഷാഫോറത്തില്‍ ക്രൈസ്തവവിദ്യാര്‍ത്ഥികളുടെ പേരു രേഖപ്പെടുത്താനുള്ള കോളം ഇല്ല. ഇതിനെല്ലാം പുറമെയാണ്‌ kear പരിഷ്കരണത്തിണ്റ്റെ പേരില്‍ മാനേജുമെണ്റ്റിണ്റ്റെ അവകാശങ്ങള്‍ നിഷേധിക്കാനുള്ള നീക്കം നടക്കുന്നത്‌. എതിരഭിപ്രായങ്ങളേയും ഭരണഘടനയേയുമെല്ലാം അവഗണിച്ചുകൊണ്ടു വിദ്യാലയരംഗത്ത്‌ മുന്നോട്ടുപോയാല്‍ അത്‌ വലിയ അപകടത്തിലേക്കായിരിക്കും നാടിനെ നയിക്കുക. 


വിദ്യാഭ്യാസരംഗത്തിനും അപ്പുറത്ത്‌


വിദ്യാഭ്യാസരംഗത്തിനു പുറത്തും പീഡനങ്ങള്‍ പലരീതിയില്‍ നടക്കുകയാണ്‌. പാര്‍ട്ടിപത്രങ്ങളും പാര്‍ട്ടിയുടെ സ്വാധീനമുള്ള മാധ്യമങ്ങളുമെല്ലാം സഭയ്ക്കെതിരായ നിരന്തര പ്രചാരണശ്രമത്തിലാണ്‌. സഭയെ ആക്ഷേപിക്കാന്‍ ഏതു നിസ്സാരസംഭവവും ഏറ്റവും വികലമായി ചിത്രീകരിച്ചാണ്‌ അവതരിപ്പിക്കുക. എങ്ങനെയും സഭയെക്കുറിച്ച്‌ തെറ്റിദ്ധാരണകള്‍ പരത്തണം, സഭയ്ക്കുള്ളില്‍ ശൈഥില്യമുണ്ടാക്കണം എന്നതാണ്‌ ലക്ഷ്യമെന്ന്‌ തോന്നുന്നു. ചരിത്രംതന്നെയും സഭയ്ക്കും മതവിശ്വാസത്തിനും വിരുദ്ധമായി പുനര്‍നിര്‍മ്മിക്കുന്ന പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണല്ലോ. കേരളത്തിലുള്ള പല ദൈവാലയങ്ങളും കുരിശടികളും തകര്‍ക്കപ്പെടുന്നുണ്ട്‌; കുറ്റവാളികളെ കണ്ടുപിടിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നില്ലല്ലോ!! പ്രാദേശികമായി കുട്ടിസംഘടനകളുടെ ഗുണ്ടായിസവും സാധാരണസംഭവമാണ്‌. 


ഇനിയിപ്പോള്‍, പാര്‍ശ്വവര്‍ത്തികളെക്കൊണ്ടുനിറച്ച 'നിയമപരിഷ്കരണകമ്മീഷ'ണ്റ്റെ നിര്‍ദ്ദേശങ്ങള്‍ നിയമമാക്കാനുള്ള ശ്രമമായിരിക്കുമല്ലോ. തെരഞ്ഞെടുപ്പുകഴിഞ്ഞ്‌ പ്രയോഗിക്കാനിരിക്കുന്ന ആയുധമാണിത്‌. ധാര്‍മ്മികതയ്ക്കു വിരുദ്ധമായും, സഭയെ ശിഥിലമാക്കാനും അതിണ്റ്റെ ഭരണം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഉദ്ദേശിച്ചുമുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ശിപാര്‍ശകളാണ്‌ പ്രത്യയശാസ്ത്രഭ്രമക്കാര്‍ ഉള്‍പ്പെടുന്ന കമ്മറ്റി നല്‍കിയിരിക്കുന്നത്‌. ഈ ലക്ഷ്യങ്ങളോടു കൂടിയായിരിക്കണം കമ്മറ്റിയെ രൂപപ്പെടുത്തിയത്‌ എന്നും ഊഹിക്കാവുന്നതേ ഉള്ളൂ.


എല്ലാ മേഖലകളിലും ആധിപത്യം


എല്ലാ തലങ്ങളിലും വൈരുദ്ധ്യാത്മകഭൌതികവാദികളായ പാര്‍ട്ടിയംഗങ്ങളുടെ അനുവാദത്തോടെ കാര്യങ്ങള്‍ നടത്തേണ്ട ഗതികേടിലേക്കു കേരളം നീങ്ങുകയാണ്‌. ഈയിടെ ചില കര്‍ഷകര്‍ കൊയ്ത്തുയന്ത്രം പാടത്ത്‌ ഇറക്കുന്നതിന്‌ അനുവാദം വാങ്ങാന്‍ പാര്‍ട്ടിഓഫീസില്‍ പോകേണ്ട എന്നു തീരുമാനിച്ചതായി ചില പത്രങ്ങളില്‍ കണ്ടു. ഇത്‌ ഒരുദാഹരണം മാത്രം. ഇതു ഭീതികരമായ ഒരു സ്ഥിതിവിശേഷത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. ഇങ്ങനെയുള്ള ആധിപത്യം- ഭൌതികവാദികളുടെ സര്‍വ്വാധിപത്യം- വിശ്വാസികളെയാണ്‌ ഏറെ ബുദ്ധിമുട്ടിക്കുവാന്‍ പോകുന്നത്‌. 

ഇത്തരം കയ്യേറ്റങ്ങളുടേയും മതപീഡനത്തിണ്റ്റേയും നടുവിലാണ്‌ ചിലര്‍, തങ്ങള്‍ മതന്യൂനപക്ഷസംരക്ഷകരാണെന്നു പറയുന്നത്‌!! ഈ പീഡനങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാനാണ്‌ പലപ്പോഴും ഒറീസായും ഗുജറാത്തുമെല്ലാം ചൂണ്ടിക്കാണിക്കുന്നത്‌. സ്വന്തം കണ്ണിലെ വലിയ കമ്പ്‌ മാറ്റിയിട്ടു വേണം മറ്റുള്ളവരുടെ കണ്ണിലെ കരടുമാറ്റാന്‍!! പക്ഷേ ഇങ്ങനെയുള്ള നീതിബോധം സിദ്ധാന്തവാദികള്‍ക്കു പരിചിതമല്ലല്ലോ!!

1 comment:

  1. Super article..........send it to as many as possible & make them aware of this issue..........

    ReplyDelete