Monday, November 8, 2010

വഴിതെറ്റുന്ന വിലയിരുത്തലുകള്‍

പതിവു തന്ത്രങ്ങള്‍ 
Mar Joseph Powathil
(courtesy to Vimala Books)


തെരഞ്ഞെടുപ്പിനു ശേഷമുള്ള പതിവാണ്‌ അതിണ്റ്റെ ഫലത്തെപ്പറ്റി പാര്‍ട്ടികള്‍ വിലയിരുത്തുക എന്നത്‌. ജയിച്ചവരും തോറ്റവരും തീര്‍ച്ചയായും ഈ വിലയിരുത്തല്‍ നടത്തേണ്ടതാണ്‌. എന്നാല്‍ ആ അഭ്യാസം പലപ്പോഴും പൊതുജനത്തെ വഴിതെറ്റിക്കാനും സ്വയം നീതിമത്കരിക്കാനുമാണ്‌ ഇടയാക്കുക. യഥാര്‍ത്ഥ പാളിച്ചകള്‍ മറച്ചുവച്ചും തെറ്റായ നിഗമനങ്ങള്‍ നിരത്തിയുമെല്ലാമാണ്‌ ഇത്‌ സാധിക്കുന്നത്‌. രാഷ്ട്രീയക്കാരും ബുദ്ധിജീവികളുംചില മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാല്‍ ആടിനെ പട്ടിയാക്കാനും നമ്മുടെ നാട്ടില്‍ പ്രയാസമില്ല. 



ഉദാഹരണങ്ങള്‍ പലതുണ്ട്‌. തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ഭരണകക്ഷികള്‍ ഉറക്കെപ്പറഞ്ഞു, ഈ തെരഞ്ഞെടുപ്പ്‌ സംസ്ഥാനത്തെ ഭരണത്തിണ്റ്റെയും വിലയിരുത്തലാകുമെന്ന്‌. ഇത്‌ തീര്‍ച്ചയായും ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്‌. ഒരു ദേശീയപാര്‍ട്ടി രാജ്യത്തെ പാര്‍ലമെണ്റ്റിലേക്കു മത്സരിക്കുമ്പോള്‍ അവര്‍ ഒരു സംസ്ഥാനത്ത്‌ ഭരണത്തിലുണ്ടെങ്കില്‍ അവരുടെ നയങ്ങളെയും നീക്കങ്ങളെയും അവഗണിച്ചുകൊണ്ട്‌ ജനങ്ങള്‍ തീരുമാനമെടുക്കില്ല. അതുകൊണ്ട്‌ കേരളത്തിലെ ഭരണവും ഈ അവസരത്തില്‍ വിലയിരുത്തപ്പെടുമെന്നുപറഞ്ഞതില്‍ പുതുമയൊന്നുമില്ല. പക്ഷേ ഇപ്പോഴിതാ, പാര്‍ട്ടി പരാജയത്തിലേയ്ക്ക്‌ കൂപ്പുകുത്തിയപ്പോള്‍ നേരെത്തെ പറഞ്ഞയാള്‍ തന്നെ ഈ യാഥാര്‍ഥ്യത്തെ നിഷേധിക്കുകയാണ്‌. ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ല എന്നാണ്‌ ഇവര്‍ പറയുന്നത്‌. !! 


രാജ്യമെമ്പാടുമുള്ള RSS-BJP വിരുദ്ധതരംഗമാണ്‌ ഇവിടെയും അലയടിച്ചതെന്നാണ്‌ മറ്റൊരു നേതാവ്‌ തെരഞ്ഞെടുപ്പുഫലം അറിഞ്ഞപ്പോള്‍ പറഞ്ഞത്‌. ഇതുവരെ ഒരാളെപ്പോലും പാര്‍ലമെണ്റ്റിലേക്കോ നിയമസഭയിലേക്കോ അയക്കാന്‍ കഴിയാത്ത ബി. ജെ. പി. യോടുള്ള എതിര്‍പ്പാണ്‌ ഇവിടെ പ്രകടമായത്‌. ഇതാണ്‌ മാര്‍ക്സിസ്റ്റുകളുടെ പതനത്തിനു കാരണമായത്‌ എന്നു പറയാന്‍ ചിലരേ ഉണ്ടാകൂ. അതു കേരളീയര്‍ വിശ്വസിക്കുമെന്ന്‌ ആരെങ്കിലും കരുതുന്നുണ്ടോ? യാഥാര്‍ത്ഥ്യത്തെ മറച്ചുവയ്ക്കാനുള്ള ശ്രമത്തിനു നല്ലൊരുദാഹരണമാണിത്‌. 


വി.എസ്‌. ഫാക്ടര്‍ എന്നൊക്കെ പറഞ്ഞുപരത്തുന്നതിണ്റ്റെ ലക്ഷ്യം അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കുക എന്നുള്ളതുമാത്രമായിരിക്കാം. ഏതായാലും അതിണ്റ്റെ പേരില്‍ ഏറെ പാര്‍ട്ടിവോട്ടുകള്‍ ചോര്‍ന്നുപോയി എന്നത്‌ ഇത്തവണത്തെ വന്‍തകര്‍ച്ചയ്ക്കു കാരണമായി പറയാനാവില്ല. കേഡര്‍പാര്‍ട്ടികള്‍ക്കു അങ്ങനെ സംഭവിക്കില്ല എന്ന ഭാവമാണല്ലോ അത്തരം പാര്‍ട്ടികള്‍ക്ക്‌ എന്നുമുള്ളത്‌. അച്ചടക്ക ബോധമാണ്‌ ആ പാര്‍ട്ടികളുടെ സവിശേഷതയായി ഉയര്‍ത്തിക്കാട്ടുന്നത്‌. അതുകൊണ്ട്‌ അങ്ങനെയൊരു വിലയിരുത്തല്‍ നടത്തുന്നതില്‍ പൊരുത്തക്കേടുണ്ട്‌. 


മറ്റൊരു പാര്‍ട്ടിനേതാവ്‌ കഴിഞ്ഞദിവസം പറഞ്ഞുവച്ചത്‌ ബി. ജെ. പി. വിരോധം കൊണ്ട്‌ പ്രത്യയശാസ്ത്രക്കാരുടെ വോട്ടുകള്‍ മറിയുകയോ മറിച്ചുവില്‍ക്കുകയോ ചെയ്തുവെന്നാണ്‌. ഇതും വിചിത്രമായിരിക്കുന്നു. ഒരിക്കല്‍ പാര്‍ട്ടിക്കു വോട്ടുചെയ്തവരെല്ലാം പാര്‍ട്ടിക്കാരല്ലല്ലോ. അവരുടെ വോട്ട്‌ എങ്ങനെയാണ്‌ പാര്‍ട്ടി മറിച്ചുവില്‍ക്കുന്നത്‌ ! കേന്ദ്രത്തില്‍ അധികാരം പങ്കിടാന്‍ വ്യഗ്രതകാട്ടിയിരുന്ന പാര്‍ട്ടികളുടെ വോട്ടുകള്‍ മറിച്ച്‌, പാര്‍ലമെണ്റ്റ്സീറ്റുകള്‍ ഗണ്യമായി കുറച്ച്‌ മറുപക്ഷത്തെ സഹായിച്ചുവെന്നാണ്‌ വാദം. ഇത്‌ യുക്തിക്ക്‌ നിരക്കില്ല. സാമാന്യബുദ്ധിയുള്ളവര്‍ക്ക്‌ മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടുമുണ്ട്‌. 


സത്യസന്ധത ആവശ്യം 


ഇത്തരത്തില്‍ വിലയിരുത്തലുകള്‍ നടത്തിയാല്‍ എന്തു പ്രയോജനമാണ്‌ ഉണ്ടാകുകയെന്നറിയില്ല. പാര്‍ട്ടികളുടെ നന്‍മയ്ക്കും രാജ്യത്തിണ്റ്റെ നന്‍മയ്ക്കും സത്യസന്ധമായ വിലയിരുത്തലുകളാണ്‌ ആവശ്യം. അതു പരാജയപ്പെട്ട പാര്‍ട്ടികള്‍ ക്കു മാത്രമല്ല വിജയിച്ച പാര്‍ട്ടികള്‍ക്കും കൂടിയേതീരൂ. വിജയിച്ച പാര്‍ട്ടികള്‍ വിജയത്തില്‍ ഉന്‍മത്തരായാല്‍ മാത്രമാവില്ല. അവരുടെ നേട്ടങ്ങളെ സ്വാധീനിച്ച ഘടകങ്ങള്‍ എന്തെല്ലാമാണ്‌, കോട്ടങ്ങള്‍ ഉണ്ടായതിണ്റ്റെ കാരണമെന്ത്‌ എന്നെല്ലാം മനസ്സിലാക്കേണ്ടത്‌ അവരുടെയും സുസ്ഥിതിക്ക്‌ ആവശ്യമാണ്‌. ചരിത്രത്തില്‍ നിന്ന്‌ നിരന്തരമായി പഠിച്ചാലേ പുരോഗതിയുണ്ടാകൂ. ആ പഠനത്തിണ്റ്റെ അഭാവത്തിലാണ്‍്‌ പാര്‍ട്ടികള്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നത്‌. 


ഭരണ വിരുദ്ധവികാരത്തിനു ചില കാരണങ്ങള്‍ 


വിജയവും പരാജയവും പല ഘടകങ്ങളെയും ആശ്രയിച്ചാണ്‌ ഇരിക്കുക. അതെല്ലാം കണ്ടെത്തുന്നവര്‍ക്ക്‌ ശരിയായ നടപടികള്‍ എടുക്കാന്‍ കഴിയും. കേരളത്തിലെ കഴിഞ്ഞ മൂന്നു വര്‍ഷത്തെഭരണത്തെ വിലയിരുത്തുന്നവര്‍ക്ക്‌ ജനങ്ങളെ അലോസരപ്പെടുത്തിയിട്ടുള്ള അനേകം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ഉണ്ടാകും. ചില നേതാക്കന്‍മാര്‍ ഭരണകര്‍ത്താക്കളുടെ അഹന്തയേയും ജനാധിപത്യവിരുദ്ധമനോഭാവത്തെയുംകുറിച്ച്‌ പറഞ്ഞുകഴിഞ്ഞല്ലോ. ഇതു നിസ്സാരമായ കാര്യമല്ല. അഭിപ്രായവ്യത്യാസമുള്ളവരോട്‌ കാട്ടുന്ന മനോഭാവം, ഭാഷാ പ്രയോഗങ്ങള്‍, തോന്നുന്നതെന്തും ചെയ്യാമെന്ന മനോഭാവം ഇതെല്ലാം ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ പുറത്തുവരുമ്പോള്‍ അനേകം ആളുകളുടെ ഇടയില്‍ അകല്‍ച്ച ഉളവാക്കാതിരിക്കില്ല. ഇതെല്ലാം അടുത്തനാളുകളില്‍ സാധാരണമായിട്ടുണ്ട്‌. ഭരണകര്‍ത്താക്കള്‍ ജനങ്ങളെ ആദരിക്കുന്നവരാകണം. 


ജനാധിപത്യത്തിനു ചേരാത്തരീതിയില്‍ എല്ലാം പാര്‍ട്ടിക്ക്‌ അധീനമാക്കുന്ന ഇന്നത്തെ സമ്പ്രദായം അനേകരില്‍ സര്‍ക്കാര്‍ വിരുദ്ധ മനോഭാവം ഏറെ വളര്‍ത്തിയിട്ടുണ്ട്‌. ജീവിതത്തില്‍ എല്ലാ മേഖലകളിലും പാര്‍ട്ടി ആധിപത്യം ചെലുത്താന്‍ ശ്രമിക്കുന്നത്‌ പൊറുക്കാനാവാത്ത കുറ്റമാണ്‌. ഇവിടെ പാര്‍ട്ടികളുടെ കുട്ടിസംഘടനകളും മറ്റു പോഷക സംഘടനകളും ലോക്കല്‍ സെക്രട്ടറിമാരും പ്രവര്‍ത്തകരുമെല്ലാം ജനങ്ങളെ നിരന്തരം അലട്ടുന്ന രീതി വ്യാപകമായിരുന്നല്ലോ. ചില കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്‌. ഉദാഹരണമായി, കുട്ടനാട്ടില്‍ കൊയ്ത്തിന്‌ ജോലിക്കാരെ ലഭിക്കുന്നതിനും കൊയ്ത്ത്‌യന്ത്രം ഇറക്കുന്നതിനുമെല്ലാം കാശും കൊടുത്ത്‌ പാര്‍ട്ടിയുടെ ചീട്ടു വാങ്ങേണ്ടി വരുന്നു എന്ന പത്രവാര്‍ത്തയുണ്ടല്ലോ. അദ്ധ്യാപകരുടെ നിയമനത്തിന്‌ അംഗീകാരം വാങ്ങാന്‍, ശമ്പളം ലഭിക്കാന്‍ - എല്ലാക്കാര്യങ്ങള്‍ക്കും പാര്‍ട്ടിയുടെ തിട്ടൂരം വേണമെന്ന്‌ എത്രയോ ആളുകള്‍ പറഞ്ഞിട്ടുണ്ട്‌. ഇത്തരം ഭരണശൈലിയെയാണ്‌ 1957-59 കാലഘട്ടത്തില്‍ കേരളീയര്‍ സെല്‍ഭരണം എന്നു വിളിച്ചത്‌. അത്‌ പ്രത്യയശാസ്ത്രത്തിനു ചേരുന്നതായിരിക്കാം. പക്ഷേ ജനാധിപത്യത്തിന്‌ ഒട്ടും ചേരില്ല. ഈ തിരിച്ചറിവ്‌ ഉണ്ടാകേണ്ടിയിരിക്കുന്നു. 


നിരന്തരമായി ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ നിസ്സാരമായി തള്ളിക്കളയാനാവില്ല. എല്ലാ തലങ്ങളിലും അഴിമതി വ്യാപിച്ചിട്ടുണ്ട്‌. അതിനെതിരായി ശക്തമായ നിലപാടെടുക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. പോരെങ്കില്‍ ഭരിക്കുന്നവര്‍ തന്നെ ധാരാളം ആരോപണങ്ങള്‍ക്കു വിധേയരാകുന്നു. ആരോപണങ്ങളുണ്ടാകുമ്പോള്‍ ജനമനസ്സ്‌ അസ്വസ്ഥമാകുന്നു. അങ്ങനെയുള്ള കേസുകളില്‍ ന്യായമായ അന്വേഷണത്തിനുപോലും തടയിടാന്‍ അധികാരം ദുര്‍വ്വിനിയോഗം ചെയ്യുന്നു എന്ന തോന്നലുണ്ടാകുമ്പോള്‍ ജന്‍മങ്ങളുടെ അസ്വസ്ഥത രൂക്ഷമാകുകയാണ്‌. അനേകമാളുകളില്‍ പ്രതികൂല മനോഭാവമുണ്ടാക്കിയത്‌ ഈ സാഹചര്യമാണന്നു പറയാം. 


വിലയിരുത്തലുകാര്‍ മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ 


എല്ലാ രാഷ്ട്രങ്ങളിലും പല സംഘടനകളും പ്രസ്ഥാനങ്ങളും സമുദായങ്ങളുമെല്ലാം ഉണ്ടാകും. അവര്‍ക്ക്‌ അവയുടേതായ സ്വാതന്ത്യ്രവും ഉള്‍ഭരണ സ്വാതന്ത്യ്രത്തിനുള്ള അവകാശവുമുണ്ട്‌. ജനാധിപത്യവ്യവസ്ഥിതികള്‍ എല്ലാം ഇതംഗീകരിക്കുന്നുണ്ട്‌. പക്ഷേ ഇവിടെ സമുദായങ്ങളെയും മതവിഭാഗങ്ങളെയും ഭരണകക്ഷികള്‍ അലോസരപ്പെടുത്തുകയാണ്‌. ഈ യാഥാര്‍ത്ഥ്യം അവഗണിച്ചതുകൊണ്ട്‌ പ്രശ്നം തീരുന്നില്ല. അവരുടെ പ്രതിഷേധം വോട്ടിലൂടെ അവര്‍ രേഖപ്പെടുത്തുന്നത്‌ ന്യായം മാത്രമാണ്‌. 


ഇവിടെ രാഷ്ട്രീയക്കാരും പല മാധ്യമങ്ങളും സമുദായങ്ങളെയും മതവിഭാഗങ്ങളെയും പീഡിപ്പിക്കുന്നതു കണ്ടില്ലെന്നു നടിക്കുകയാണ്‌. അവര്‍ക്കുണ്ടായ ആഘാതത്തെ വിലയിരുത്തലുകാര്‍ അവഗണിക്കുകയാണെന്നാണ്‌ തോന്നുന്നത്‌. ഇതേപ്പറ്റി പരാമര്‍ശിക്കുന്നവര്‍ പോലും അതു വിഭാഗീയതയുടെയോ വര്‍ഗ്ഗീയതയുടെയോ പ്രതികരണമായിട്ടാണ്‌ കാണുന്നത്‌. എന്നാല്‍ കേരളത്തില്‍ ബഹുഭൂരിപക്ഷം ആളുകളും ഈശ്വര വിശ്വാസികളും വിവിധ സമുദായസംഘടനകളിലും മതങ്ങളിലും ഉറച്ചു വിശ്വസിക്കുന്നവരുമാണെന്ന കാര്യം മറച്ചു വച്ച്‌ അവരുടെ പ്രതികരണങ്ങളെ നിസ്സാരവത്കരിക്കുന്നതു ശരിയല്ല. 


കേരളത്തില്‍ രണ്ടുമൂന്നു വര്‍ഷമായി വിദ്യാഭ്യാസരംഗത്തു നടത്തുന്ന കയ്യേറ്റങ്ങളും മതവിരുദ്ധത സൃഷ്ടിക്കാനുള്ള ശ്രമങ്ങളും മാധ്യമങ്ങളിലൂടെ നടത്തുന്ന ദുഷ്പ്രചാരണങ്ങളും അനേകലക്ഷങ്ങളെ വേദനിപ്പിച്ചെന്ന ചരിത്ര യാഥാര്‍ഥ്യം അവഗണിച്ചാല്‍ ഈ വിലയിരുത്തലുകള്‍ക്ക്‌ അര്‍ത്ഥമില്ല. സര്‍ക്കാര്‍ ഇന്നും തുടരെ വിദ്യാഭ്യാസ ഏജന്‍സികളെ പീഡിപ്പിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത്‌ ഭരണവിരുദ്ധവികാരം ആളിക്കത്തിക്കുന്നുവെന്നത്‌ അവഗണിക്കാനാകില്ല. ഇത്തരം നീക്കങ്ങളിലൂടെ വിദ്യാഭ്യാസരംഗം താറുമാറാക്കുന്നതില്‍ ദുഃഖിക്കുന്നവര്‍ ഏറെയുണ്ട്‌. ഈ ദുരവസ്ഥയ്ക്ക്‌ മാറ്റം വരുത്താത്തിടത്തോളം കാലം അനേകരുടെ രോഷം ജ്വലിച്ചുകൊണ്ടേയിരിക്കും. ഈ രംഗത്ത്‌ സമാധാനം പുനഃസ്ഥാപിച്ച്‌ വിദ്യാഭ്യാസപുരോഗതിക്കും സാമൂഹ്യവികസനത്തിനുമായി പ്രവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌. കേരളം അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്നമാണിത്‌. അടിസ്ഥാന സൌകര്യങ്ങള്‍ (infrastructure) എന്നുപറയുന്നത്‌ വെള്ളം, വിദ്യുച്ഛക്തി, റോഡുകള്‍ തുടങ്ങിയവയെക്കുറിച്ചു മാത്രമല്ല; ഇന്ന്‌ വിദ്യാഭ്യാസ സൌകര്യങ്ങളെയും സംവിധാനങ്ങളെയുംകുറിച്ചു കൂടിയാണ്‌.


അതിലേറെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും മതസ്വാതന്ത്യ്രം നിഷേധിക്കുന്നതുമായ നിയമനിര്‍മാണത്തിനായുള്ള ശ്രമം തുടങ്ങി വരികയാണല്ലോ. ഇക്കാര്യവും തെരഞ്ഞെടുപ്പു വേളയില്‍ത്തന്നെ പലരുടെയും മനസ്സില്‍ ഉണ്ടായിരുന്നുവെന്നത്‌ ഓര്‍ക്കേണ്ടതാണ്‌. ആ പടവാള്‍ ഉറയിലിടാതെ ഇവിടെ ഭരണവിരുദ്ധവികാരം ഒടുങ്ങുകയില്ല. ഇവിടത്തെ ക്രൈസ്തവര്‍ മുഴുവന്‍ ഈ നിയമനിര്‍മ്മാണ സംരംഭത്തെ കടുത്ത ഭീഷണിയായിട്ടാണ്‌ കാണുന്നത്‌. അതിനെ എന്തു വില കൊടുത്തും എതിര്‍ക്കേണ്ടി വരും. 


ഇങ്ങനെയുള്ള യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്താന്‍ വിലയിരുത്തലുകള്‍ സഹായിക്കണം. വിലയിരുത്തലിനെ കേവലം രാഷ്ട്രീയ അടവായി കാണരുത്‌. തുറന്നമനസ്സോടെ, സത്യസന്ധതയോടെ, നടത്തുന്ന വിലയിരുത്തലുകള്‍ ഗുണം ചെയ്യും. തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കി മുഖംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണു ജീവിക്കുക.

3 comments:

  1. Archbishop always talks and writes truth about any subject because he is not a politician but a shepherd. I think this article points to the real issues facing the people of Kerala, i.e. TRUST and responsibility expected of the Kerala politicians I hope they will give a serious reflection on their actions. (both UDF and LDF)

    Nediyakala

    ReplyDelete
  2. I agree with many of the views of my old teacher and dear Arcchbishop.But Christ pointed out "cesearinullathu ceaserinum daivathinullathu daivathinnum ennu".

    ReplyDelete